തൃശൂർ: എഴുപതാം വയസിൽ അധികാര രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ ടി.എൻ. പ്രതാപൻ. എന്നാൽ ദുഷ്ടലാക്കോടെയുള്ള പ്രഖ്യാപനമെന്ന ആരോപണവുമായി കെ.പി.സി.സി മുൻ ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്.
മരിക്കുന്നതുവരെ പാർട്ടിയുടെ അമരത്തുള്ള കസേരകളിലും അധികാരത്തിന്റെ ഉച്ചിയിലുള്ള മാളികകളിലും കഴിയാൻ ശ്രമിക്കില്ലെന്നും അധികാര രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്നുമാണ് ഫേസ്ബുക്കിൽ പ്രതാപൻ കുറിച്ചത്.
പ്രതാപന്റെ കുറിപ്പിന് പ്രതികരണവുമായാണ് കൊച്ചുമുഹമ്മദ് രംഗത്തെത്തിയത്. 62കാരനായ പ്രതാപൻ 70ൽ അധികാരസ്ഥാനം ഒഴിയുമെന്ന് പറയുന്നത് മറ്റൊരു ലക്ഷ്യം വച്ചാണ്. വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനും യുവാക്കളുടെ പിന്തുണയിൽ പട്ടികയിൽ ഇടംപിടിക്കാനുമാണിത്. ഈ തന്ത്രം പലരും പയറ്റുന്നുണ്ടെന്നും കൊച്ചുമുഹമ്മദ് പറയുന്നു.
പല പുരോഗമന രാജ്യങ്ങളിലും ഒരുപ്രായം കഴിഞ്ഞാൽ രാഷ്ട്രീയക്കാർ സ്വയംവിരമിക്കുന്ന സംസ്‌കാരമുണ്ട്. 70 കഴിഞ്ഞാൽ പിന്നെ മത്സരരംഗത്തുണ്ടാകരുത്. ഉന്നത പാർട്ടിസ്ഥാനങ്ങളിലും നിൽക്കരുത്. പകരം പരിചയസമ്പത്ത് ജനോപകാരപ്രദമായി വിനിയോഗിക്കണം. 70 കഴിഞ്ഞാൽ അധികാര രാഷ്ട്രീയത്തോട് താൻ വിരമിക്കും
- ടി.എൻ. പ്രതാപൻ
മൂന്നുതവണ നിയമസഭാംഗമാകുകയും ഇപ്പോൾ എം.പിയാകുകയും ചെയ്ത 62കാരൻ എന്തുകൊണ്ട് പാർലമെന്റ് കാലാവധി പൂർത്തിയാകുന്നതോടെ അധികാരസ്ഥാനങ്ങളിൽ നിന്നും വിരമിക്കുമെന്ന് പറഞ്ഞില്ല. വിരമിക്കൽ പ്രായം 60 ആക്കിക്കൂടെ? സ്വാർത്ഥതാത്പര്യങ്ങളെ പുരോഗമനത്തിന്റെ കുപ്പായം കൊണ്ട് മൂടുന്ന ഒരു വർഗം തന്നെ സമൂഹത്തിലുണ്ട്.
- കെ.കെ. കൊച്ചുമുദമ്മദ്