കൊടകര: വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ. തൃശൂർ ചിയ്യാരം ബിസ്‌കറ്റ് കമ്പനിക്കു സമീപം കോട്ടയിൽ വീട്ടിൽ അനുഗ്രഹ്(21), കുണ്ടോളി വീട്ടിൽ അമൽ സുരേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
ദേശീയ പാതയ്ക്ക് സമീപം പൊലീസിന്റെ വാഹന പരിശോധന കണ്ട് തിരിച്ചുപോകാൻ ശ്രമിച്ച മോട്ടോർ സൈക്കിൾ യാത്രികരെ സാഹസികമായി പിടികൂടി പരിശോധിച്ചപ്പോഴാണ് 60 കുപ്പികളിലായി നിറച്ച 300 മില്ലിഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. ചില്ലറ വിപണിയിൽ 30 ലക്ഷത്തോളം രൂപ ഇതിന് വിലവരും.
പ്രതികളെ വൈദ്യപരിരോധനയും മറ്റും നടത്തി കൊവിഡ് മാനദണ്ഡപ്രകാരം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ജനുവരിയിൽ ചിയ്യാരത്ത് ബൈക്ക് അപകടകരമായവിധം ഓടിച്ച് പിറകിലുണ്ടായിരുന്ന വിദ്യാർത്ഥിനി താഴെവീണ സംഭവത്തിൽ വിവാദ നായകനായിരുന്നു അമൽ.
ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ്, കൊടകര സി.ഐ: ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്.ഐ: ജെ. ജയ്‌സൺ, ജൂനിയർ എസ്.ഐ: എം. അനീഷ്, അസി. എസ്.ഐ: റെജിമോൻ, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ: ബാബു, സീനിയർ സി.പി.ഒമാരായ എം.എസ്. ബൈജു, ഷാജു ചാതേലി, ആന്റണി, ലിജോൺ, കെ.ജി. ബൈജു, അനീഷ് പനയപ്പിള്ളി, സി.പി.ഒ: സ്മിത്ത് എന്നിവരും ഉണ്ടായിരുന്നു.
ജോക്കറിന്റെ വേഷം കെട്ടി അഭ്യാസ പ്രകടനത്തിനിടെ ബൈക്കിന് പിറകിലിരുന്ന സഹപാഠി വീണതിനെ തുടർന്ന് നാട്ടുകാരുമായി സംഘർഷമുണ്ടായതിലെ വിവാദനായകനാണ് ഇന്നലെ മയക്കുമരുന്ന് കേസിൽ പിടിയിലായ അമൽ. ബൈക്കിന്റെ മുൻചക്രം പൊക്കി അഭ്യാസം കാട്ടിയതോടെ പെൺകുട്ടി നടുറോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 19ന് കൂർക്കഞ്ചേരി പൂയാഘോഷത്തിനിടെയായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാർ യുവാവിന്റെ അഭ്യാസപ്രകടനം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ആൾക്കൂട്ടത്തിലൊരാൾ അമലിനെ കല്ല് കൊണ്ട് തലയ്ക്കടിച്ചതും തന്റെ വസ്ത്രധാരണത്തെ ഉൾപ്പെടെ നാട്ടുകാർ ചോദ്യം ചെയ്തുവെന്ന ആരോപണവും ഏറെ വിവാദമായിരുന്നു. നാട്ടുകാർ സദാചാര ഗുണ്ടായിസം കാണിച്ചെന്നായിരുന്നു അമലിന്റെ ആരോപണം. തുടർന്ന് അപകടകരമായി ബൈക്ക് ഓടിച്ചതിന് അമലിനെതിരെയും മർദ്ദിച്ചതിന് നാട്ടുകാർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
കൊടകര ടൗൺ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കൊടകര കേന്ദ്രീകരിച്ച് 600 കിലോയിലധികം കഞ്ചാവ്, പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ, ആറ് ലിറ്ററോളം വ്യാജചാരായം, മുപ്പത് ലിറ്ററോളം വ്യാജ ഇന്ത്യൻ നിർമ്മിതവിദേശ മദ്യം എന്നിവ അടുത്തിടെ പിടികൂടിയിരുന്നു.