 
വടക്കാഞ്ചേരി: വീട്ടിൽ ഭോജ്പൂരി ഭാഷ മാത്രം...വിദ്യാലയത്തിൽ മലയാളം മാത്രം. മലയാളത്തെ പ്രണയിക്കുന്ന ബീഹാറി സഹോദരങ്ങൾ ജനശ്രദ്ധ നേടുന്നതിങ്ങനെയാണ്. അമ്പലപുരം ദേശ വിദ്യാലയം യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ ഗീതാഞ്ജലി (14), പൂർണിമ (11), അഞ്ചാംക്ലാസ് വിദ്യാർത്ഥിനി അർച്ചന (10), മൂന്നാം ക്ലാസ് വിദ്യാർത്ഥി ആഷിഷ് (8) എന്നീ മികവിന്റെ പ്രതീകങ്ങളായ കുട്ടികൾ അദ്ധ്യാപകർക്കും നാട്ടുകാർക്കുമൊക്കെ ഏറെ പ്രിയപ്പെട്ടവരാണ്. ബീഹാറിലെ ആരാ ജില്ല സ്വദേശികളായ മണ്ഡൂസാഹ്-ജ്യോതിദേവി ദമ്പതികളുടെ മക്കളായ കുട്ടികൾ അവരുടെ ജന്മനാട്ടിലെ മാതൃഭാഷയായ ഭോജ്പൂരിയും നമ്മുടെ മലയാളവും ഒരുപോലെ ഭംഗിയായാണ് കൈകാര്യം ചെയ്യുന്നത്. ഹിന്ദി അദ്ധ്യാപക മഞ്ച് സംഘടിപ്പിച്ച ഈ വർഷത്തെ വിജ്ഞാൻസാഗർ പരീക്ഷയിൽ ജില്ലയിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത് കൂട്ടത്തിലെ മുതിർന്ന സഹോദരങ്ങളായ ഗീതാഞ്ജലിയും പൂർണിമയുമാണ്. സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങി എല്ലാ വിഷയങ്ങളുടെ പഠനത്തിലും കുട്ടികൾ സ്‌കൂളിൽ മുൻപന്തിയിലാണ്. മലയാളം തീരെ വശമില്ലാത്ത മാതാപിതാക്കൾക്കായി മറ്റുള്ളവരോട് സംസാരിക്കുന്നതും ആശുപത്രി ആവശ്യങ്ങൾക്കുൾപ്പടെ സഹായമൊരുക്കുന്നതുമൊക്കെ കുട്ടികളാണ്. പിതാവ് മണ്ഡൂസാഹിന് വർഷങ്ങൾക്ക് മുൻപ് അത്താണിയിലെ സ്വകാര്യ ടയർ കമ്പനിയിൽ ജോലി ലഭിച്ചതോടെയാണ് കുട്ടികളും കേരളത്തിലെത്തിയത്. വിദ്യാലയത്തിൽ പോകാതെ വാടകവീട്ടിൽ കഴിയുന്ന നിർധന കുടുംബത്തിലെ വിദ്യാർത്ഥികളെക്കുറിച്ചറിഞ്ഞ ദേശവിദ്യാലയം സ്‌കൂൾ മാനേജർ ടി.എൻ. ലളിത ടീച്ചറും മറ്റ് അദ്ധ്യാപകരുമാണ് കുട്ടികളെ വിദ്യാലയത്തിലെത്തിച്ചത്. മികച്ച പിന്തുണ നൽകിയതോടെ ഇന്ന് വിദ്യാലയത്തിലെ തന്നെ അഭിമാനപാത്രങ്ങളാണ് ഈ വിദ്യാർത്ഥികളെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. ബീഹാറിൽ ബന്ധുക്കളും കൂട്ടുകാരും ഒരുപാടുണ്ട്. അവധിക്കാലങ്ങളിൽ നാട്ടിൽ പോയി വരാറുമുണ്ട്. എങ്കിലും തങ്ങളെ ചേർത്തു പിടിക്കുന്ന മലയാള മണ്ണിനോട് അൽപ്പം ഇഷ്ടക്കൂടുതലുണ്ടെന്നും കൂട്ടത്തിലെ മുതിർന്ന സഹോദരി ഗീതാഞ്ജലി പറയുന്നു. ഒഴിവുവേളകളിൽ മലയാളം പാട്ടുകളും കവിതകളുമൊക്കെ ഹൃദിസ്ഥമാക്കുന്നുണ്ട് ഈ മികവിന്റെ കൂട്ടുകാർ.
പുസ്തകം, യൂണിഫോം ഉൾപ്പടെയുള്ളവ സൗജന്യമായി ലഭിക്കുന്ന കേരളത്തിലെ വിദ്യാലയങ്ങൾ സ്വർഗതുല്ല്യം. ജന്മനാട്ടിലുള്ളതിനേക്കാൾ മികച്ച വിദ്യാഭ്യാസ സംവിധാനമാണ് ഇവിടെ.
-ബീഹാറി കുട്ടികൾ.