കൊടുങ്ങല്ലൂർ നഗരസഭ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയെ വെളിയിട വിസർജന രഹിത നഗരമായി (ഒ.ഡി.എഫ് ) പ്രഖ്യാപിച്ചു. കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം തുടർച്ചയായി ഇത് രണ്ടാം തവണയാണ് കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് ഈ അംഗീകാരം നൽകുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ നേട്ടത്തിന് അർഹമായത്. കൊടുങ്ങല്ലൂർ നഗരസഭയിൽ ഇതുവരെ സ്വച്ഛ് ഭാരത് മിഷൻ, പ്ലാൻ ഫണ്ട് എന്നിവ വകയിരുത്തി ജനറൽ വിഭാഗത്തിൽ 760 ഗുണഭോക്താക്കൾക്കും പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് പട്ടികജാതി വിഭാഗക്കാർക്കായി 136 ഗുണഭോക്താക്കൾക്കും ഉൾപ്പെടെ 896 കുടുംബങ്ങൾക്ക് ഗാർഹിക കക്കൂസ് നിർമ്മാണത്തിന് ധനസഹായം അനുവദിച്ചിട്ടുണ്ട്. 2021- 22ൽ മാത്രം ജനറൽ വിഭാഗത്തിൽ 88 ഗുണഭോക്താക്കൾക്കും എസ്.സി വിഭാഗത്തിൽ 97 ഗുണഭോക്താക്കൾക്കുമായി 185 പേർക്കും ധനസഹായം നൽകിയിട്ടുണ്ട്. നഗരസഭാ പരിധിയിൽ 30 പൊതുടോയ്‌ലറ്റ് സ്ഥാപിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്തിട്ടുളളതിൽ പത്തെണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ശ്രീകുരുംബ ഭഗവതി ക്ഷേത്ര കോമ്പൗണ്ടിൽ 20 സീറ്റോടുകൂടിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. എല്ലാ വീടുകൾക്കും കക്കൂസ് എന്ന പദ്ധതി പൂർണമായും നടപ്പിലാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ പറഞ്ഞു.