കുന്നംകുളം: കടവല്ലൂർ പഞ്ചായത്തിലെ തിപ്പലിശ്ശേരി കൽപ്പാത്തിക്കുന്നിൽ പ്രവർത്തിക്കുന്ന ബെസ്റ്റ് ഗ്രാനൈറ്റ്‌സ് കമ്പനിയുടെ ക്വാറിക്ക് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. പുറമ്പോക്കിൽപ്പെടുന്ന സർവേ നമ്പറുകളിൽ നിന്നും പാറ ഖനനമോ അനുബന്ധ പ്രവർത്തനങ്ങളോ നടത്തുന്നത് തടഞ്ഞാണ് റവന്യൂ അധികൃതർ ഉത്തരവ് ഇറക്കിയത്. ഇതേത്തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിറുത്തിവച്ചു. 1.10 ഏക്കർ പുറമ്പോക്ക് ഭൂമി കൈയ്യേറിയാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കേരള ഭൂസംരക്ഷണ നിയമ പ്രകാരം ക്വാറിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. റിപ്പോർട്ട് പുറത്തു വന്ന് അധികം താമസിയാതെ വീല്ലേജ് ഓഫീസറെ സ്ഥലം മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ സമരങ്ങളെത്തുടർന്ന് ആധുനിക ഉപകരങ്ങൾ ഉപയോഗിച്ച് താലൂക്ക് സർവേയർ സർവേ നടത്തുകയും വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ശരിവയ്ക്കുന്ന പുതിയ റിപ്പോർട്ട് നൽകുകയും ചെയ്തു. പാറ ഖനനം നടത്തുന്നതിന്റെ 200 മീറ്റർ പരിധിയിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ക്വാറി പ്രവർത്തനം മൂലം പ്രദേശവാസികൾക്ക് ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങൾ വർദ്ധിച്ച് വരികയും പൊടി ശല്യവും പാറപൊട്ടിക്കുന്ന ശല്യവും മൂലം ജീവിതം ദുരിതത്തിലുമായിരിക്കയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കരിങ്കൽ ഖനനം പാടില്ലെന്നിരിക്കെ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ക്വാറിയുടെ പ്രവർത്തനം. വ്യാജ രേഖകൾ ചമച്ചാണ് ക്വാറിക്ക് ലൈസൻസ് നേടിയതെന്നും അനുമതി റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
പുറമ്പോക്ക് കൈയ്യേറി ഖനനം നടത്തുന്നതിന് പുറമേ ഹരിത ട്രൈബ്യൂണലിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്വാറി പ്രവർത്തിക്കുന്നത്.
-പ്രദേശവാസികൾ.