
വീടുകളിൽനിന്ന് ചില്ല് കുപ്പികൾ ശേഖരിക്കുന്നു.
കുന്നംകുളം: ഖരമാലിന്യ സംസ്കരണ പദ്ധതിയിലൂടെ വേറിട്ട മാലിന്യ ശേഖരണവുമായി കുന്നംകുളം നഗരസഭ. വീടുകളിൽ ഉപയോഗശൂന്യമായ ചില്ലുകളെ മെറ്റീരിയൽ കളക്ഷൻ സെന്ററിൽ എത്തിക്കുകയാണ് കുന്നംകുളത്തെ ഹരിതകർമ്മസേന. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം പ്രത്യേകം വേർതിരിച്ചാണ് ചില്ലുകൾ ശേഖരിക്കുന്നത്. വർഷങ്ങളായി വീടുകളിൽ ഉൾപ്പെടെ കെട്ടിക്കിടക്കുന്ന ചില്ലുകൾ ഉപേക്ഷിക്കാൻ സ്ഥലമില്ലാതായതോടെയാണ് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ നഗരസഭ ചില്ല് ശേഖരണം ആരംഭിച്ചത്. മാർച്ചിൽ പഴയ വസ്ത്രങ്ങൾ ഉൾപ്പെടെ വീടുകളിൽ നിന്ന് ശേഖരിക്കാൻ ഒരുങ്ങുകയാണ് ഹരിത കർമ്മ സേനാംഗങ്ങൾ. ഖരമാലിന്യ സംസ്കരണ രംഗത്ത് സമ്പൂർണ ശുചിത്വ പദവി കരസ്ഥമാക്കിയ നഗരസഭയാണ് കുന്നംകുളം. നല്ല വീടും, നല്ല നഗരം പദ്ധതിയിലൂടെ നഗരത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്കരണം വിജയകരമായി പൂർത്തീകരിക്കാനും നഗരസഭയ്ക്കായി.