വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിന് മുന്നോടിയായി നടക്കുന്ന പറപ്പുറപ്പാട് മുപ്പെട്ട് വെള്ളിയാഴ്ചയായ ഇന്നലെ നടന്നു. അത്താഴപൂജയ്ക്കുശേഷം ഭഗവതിയുടെ പ്രതിപുരുഷനായുള്ള അക്കീക്കര ഇല്ലത്തെ ഇളയത് മുഖമണ്ഡപത്തിൽ അണിയുന്ന ചടങ്ങ് നടന്നു. വാളും, ചിലമ്പും ഏറ്റുവാങ്ങിയശേഷം ഭഗവതിയെ തന്നിലേക്ക് ആവാഹിച്ചു. കുമരം കിണറ്റുകര, പതികുളങ്ങര, മംഗലം, തിരുവാണിക്കാവ് എന്നീ ക്ഷേത്രങ്ങളിലെ കോമരങ്ങൾ വെളിച്ചപ്പെട്ട് അരിയെറിഞ്ഞ് ഭക്തരെ അനുഗ്രഹിച്ചു.
തുടർന്ന് പാലിശ്ശേരി നായർ തറവാട്ടിലെ കാരണവരുടെ കൈപിടിച്ച് ക്ഷേത്രത്തിന് പുറത്തുകടന്നു. കൊമ്പ്, കുഴൽ എന്നിവയുടെ അകമ്പടിയോടെ പാമ്പിൽ കാവിൽപോയശേഷം വടക്കെനടയിലെ ആലിനെ മൂന്നു പ്രദക്ഷിണം വച്ചു. പിന്നീട് കിഴക്കെനടയിൽ പട്ടികജാതി വിഭാഗക്കാർ സമർപ്പിച്ച ആദ്യ പറ കൈകൊണ്ടു. അതിനുശേഷം എടുപ്പൻമാരുടെ തോളിലേറി പനങ്ങാട്ടുകര കാർത്യായനി ഭഗവതി ക്ഷേത്രത്തിലെത്തി വിളക്ക് തെളിച്ച ശേഷം താൻ ഊരുചുറ്റാൻ പോകുകയാണെന്നും തട്ടകം കാത്തുകൊള്ളണമെന്ന് പറഞ്ഞശേഷം തട്ടകങ്ങളിലെ പറയെടുപ്പിനായി നീങ്ങി.