 പഞ്ചായത്തിന്റെ പണം നൽകി വാങ്ങിയ ഭൂമി.
പഞ്ചായത്തിന്റെ പണം നൽകി വാങ്ങിയ ഭൂമി.
കാഞ്ഞാണി: പഞ്ചായത്തിന്റെ പണം കൊണ്ടുവാങ്ങിയ ഭൂമിയിൽ വീട് നിർമ്മിക്കാൻ കഴിയാതെ പട്ടികജാതി കുടുംബങ്ങൾ പ്രതിസന്ധിയിൽ. മണലൂർ പഞ്ചായത്തിലെ നാല് പട്ടികജാതി കുടുംബങ്ങൾക്കാണ് ഭൂമി വാങ്ങാൻ പഞ്ചായത്ത് 2014ൽ ഒന്നരലക്ഷം രൂപ അനുവദിച്ചത്. പാലാഴി ഒന്നാം വാർഡിൽ ഒരു സ്വകാര്യവ്യക്തിയിൽ നിന്ന് നാല് പട്ടികജാതി കുടുംബങ്ങൾ മൂന്ന് സെന്റ് വീതം ഭൂമി വാങ്ങിയെങ്കിലും ഒമ്പത് വർഷമായിട്ടും വീട് നിർമ്മിക്കാൻ കഴിയാതെ പല കുടുംബങ്ങളും പെരുവഴിയിലാണ്.
ഭൂമി വാങ്ങുന്ന സമയത്ത് എത്തിച്ചേരുന്നതിന് നടവഴിയുണ്ടായിരുന്നുവെന്ന് മണലൂർ സ്വദേശി പുതുവീട്ടിൽ പ്രിയ ഷൈജു പറയുന്നു. പിന്നീട് വഴി അടയ്ക്കുകയായിരുന്നു. അതോടെ സ്വന്തം ഭൂമിയിലേക്ക് വരാൻ കുടുംബങ്ങൾക്ക് കഴിയാതെയായി. പ്രശ്നം ബന്ധപ്പെട്ടവരെ ധരിപ്പിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.
ചിലർ വർഷങ്ങളായി വാടകവീട്ടിലാണ് കഴിയുന്നത്. മറ്റുള്ളവർ സ്ഥലം ഉപേക്ഷിച്ച് മാറി താമസിച്ചു. സ്വന്തം ഭൂമിയിലേക്ക് എത്തിച്ചേരാനും വീട് നിർമ്മിക്കാനും സൗകര്യം ഒരുക്കിത്തരണമെന്നും അല്ലാത്തപക്ഷം മറ്റൊരു സ്ഥലം കണ്ടെത്തിത്തരണമെന്നുമാണ് ഇവരുടെ ആവശ്യം.
പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ഒമ്പത് വർഷമായി അയ്യായിരം രൂപ വാടക നൽകിയാണ് താമസിക്കുന്നത്.
- പ്രിയ ഷൈജു, പുതുവീട്ടിൽ മണലൂർ
ഭൂമി കൊടുക്കുന്ന സമയത്ത് നടവഴി ഉണ്ടായിരുന്നു. ഭൂമി വിറ്റതിനുശേഷമാണ് സമീപവാസി വഴി അടച്ചത്. നൽകിയ ഭൂമി തിരിച്ചെടുക്കാൻ തയ്യാറാണ്.- ആശ സുധീർ, ഭൂമി ഉടമ