ചേലക്കര: അന്തിമഹാകാളൻ കാവ് വേല എല്ലാ ആചാരങ്ങളും തനിമ നഷ്ടപ്പെടുത്താതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാർച്ച് 26ന് നടത്താൻ അഞ്ചു ദേശ വേല കമ്മറ്റികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആഘോഷങ്ങളുടെ ഭാഗമായ പഞ്ചവാദ്യം, മേളം, വെടിക്കെട്ട്, കാളവേല തുടങ്ങി എല്ലാ ചടങ്ങുകളും തനിമ നഷ്ടപ്പെടുത്താതെ നടത്താനുള്ള അനുമതി വേണമെന്ന് ജില്ലാ ഭരണകൂടത്തിനൊടും സംസ്ഥാന സർക്കാരിനോടും സംയുക്ത യോഗം ആവശ്യപ്പെട്ടു. മദ്ധ്യകേരളത്തിലെ ഏറ്റവും പ്രശസ്തവും ചരിത്രപരമായ പാരമ്പര്യവുമുള്ള ഉത്സവമാണ് അന്തിമഹാകാളൻകാവ് വേല. വേലയുടെ ഭാഗമായുള്ള ചടങ്ങുകൾക്ക് തുടക്കമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുല്ലവേല നടന്നു. ഇന്ന് പാറുവേലയും നടക്കും. പങ്ങാരപ്പിള്ളി ദേശം പ്രസിഡന്റ് പി.കെ. സുനിൽകുമാർ, ചേലക്കര ദേശം പ്രസിഡന്റ് സി. രാജൻ, വെങ്ങാനെല്ലൂർ ദേശം പ്രസിഡന്റ് പി. ശശിധരൻ, തോന്നൂർക്കര ദേശം പ്രസിഡന്റ് സി. കാർത്തികേയൻ, കുറുമലദേശം പ്രസിഡന്റ് രാജൻ നമ്പ്യാത്ത്, രാജേഷ് നമ്പ്യാത്ത്, കെ. സന്താനഗോപാലൻ, എം. രാമചന്ദ്രൻ, കെ.ജി. രാംദാസ് എന്നിവർ പങ്കെടുത്തു.