ചാലക്കുടി: തീറ്റയുടെ കാര്യത്തിൽ എണ്ണപ്പന തോട്ടങ്ങളുടെ കുത്തകാവകാശം കാട്ടാനകൾക്ക് നഷ്ടമാകുന്നു. ശാപ്പാടിനായി കാട്ടിലെ കരിവീരന്മാർ കരുതിവച്ചിരിക്കുന്ന എണ്ണപ്പനകൾക്ക് നാട്ടിൽ നിന്നുമാണ് പുതിയ അവകാശികൾ എത്തുന്നത്. വളർത്തു മൃഗങ്ങളായിരിക്കും പുതിയ വില്ലന്മാർ. പനയോലകളാൽ ഭക്ഷ്യ വസ്തുക്കൾ നിർമ്മിച്ച് ഇവയ്ക്ക് നൽകുന്ന പദ്ധതി അണിയറയിൽ രൂപം കൊള്ളുകയാണ്. കുടുംബശ്രീ മിഷന്റെ കീഴിലെ ഇന്റൻസീവ് ബ്ലോക്ക് സ്‌കീമാണ് ഇതേക്കുറിച്ച് പ്രാഥമിക ആലോചനകൾ നടത്തിയത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ ഇതിനായി 25 പേർക്ക് പരിശീലനവും ആരംഭിച്ചു. ഓരോ പഞ്ചായത്തിന്റേയും തനതു പ്രത്യേകതകൾ അനുസരിച്ചുള്ള കാർഷിക വിളകളിൽ നിന്നും വ്യത്യസ്ത മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കാനാണ് നിർദ്ദേശം വന്നിരിക്കുന്നത്.
അതിരപ്പിള്ളിയിൽ വ്യാപകമായി വളരുന്ന എണ്ണപ്പനകളുടെ കുരുക്കൾ എടുക്കാതെ ഓല ഉപയോഗിച്ച് പല്ലറ്റുകൾ നിർമ്മിക്കും. ഇവ കുടുംബശ്രീ മിഷൻ വഴി വിപണനവും നടത്തും. മേലൂരിൽ ഏത്തവാഴകളും പരിയാരത്ത്് റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ എന്നിവയും പുതിയ ഉത്്പ്പന്നങ്ങൾക്കായി വിനിയോഗിക്കും. മൃഗസംരക്ഷണ മേഖലയിലെ പ്രാദേശിക തൊഴിൽ സംരഭമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
-ലീനാ ഡേവിസ്
(ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ്)