നാട്ടിക പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ്
തൃപ്രയാർ: നാട്ടിക പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ ചെയർപേഴ്‌സൻ സ്ഥാനത്തേക്ക് കോൺഗ്രസിലെ കമല ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എന്നാൽ തെറ്റായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.
വോട്ടെടുപ്പിൽ 7 പേർ ഒരു പക്ഷത്തും 6 പേർ മറുപക്ഷത്തും വന്നപ്പോൾ ഒരു ബാലറ്റിൽ റിട്ടേണിംഗ് ഓഫീസർ ഒപ്പിടാത്തതിനാൽ അസാധുവായി. നിലവിൽ ഏഴ് പേരുടെ പിന്തുണയുള്ള കെ.എസ്. രമ്യയെ വിജയിയായി പ്രഖ്യാപിക്കുന്നതിന് പകരം രണ്ടാമത് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇത് തെറ്റായ രീതിയാണെന്ന് സി.പി.എം പരാതി നൽകി. എന്നാൽ പരാതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് സി.പി.എം ആരോപിച്ചു. തെറ്റായ നടപടിക്കെതിരെ ജില്ലാ റിട്ടേണിംഗ് ഓഫീസർക്കും കുടുംബശ്രീ ജില്ലാ മിഷനും സി.പി.എം പരാതി നൽകിയിട്ടുണ്ട്. ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്നും, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും ലോക്കൽ സെക്രട്ടറി കെ.ബി. ഹംസ പറഞ്ഞു. അതേസമയം ചെയർപേഴ്‌സൺന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ തൃപ്രയാറിൽ പ്രകടനം നടത്തി.