കൊടുങ്ങല്ലൂരിലെ ഫയർഫോഴ്‌സ് തീയണക്കുന്നു.
കൊടുങ്ങല്ലൂർ: കോട്ടപ്പുറം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ താഴെയായി കൊടുങ്ങല്ലൂർ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് തീപിടുത്തം. ഈ സ്ഥലത്തെ പുല്ലുകൾക്കും മാലിന്യങ്ങൾക്കുമാണ് തീ പിടിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷനിൽ നിന്നും ജീവനക്കാരെത്തി തീയണക്കുകയായിരുന്നു. വാഹനങ്ങൾക്ക് തീപിടിക്കുന്നതിനു മുമ്പ് തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.
ബസും ലോറികളും ഉൾപ്പെടെ 25 ഓളം വാഹനങ്ങളാണ് പാലത്തിന്റെ അപ്രോച്ച് റോഡിന് താഴെയുള്ള സ്ഥലത്ത് വർഷങ്ങളായി വെയിലും മഴയും കൊണ്ട് കിടക്കുന്നത്. ഈ വാഹനങ്ങൾ കാണാൻ പറ്റാത്ത വിധം ഇപ്പോൾ പുല്ല് മൂടിക്കിടക്കുകയാണ്. കഴിഞ്ഞ വർഷവും അതിനു മുമ്പത്തെ വർഷവും വേനൽക്കാലത്ത് ഇവിടെ തീപിടിച്ചിരുന്നു. കൊടുങ്ങല്ലൂരിലെ ഫയർഫോഴ്‌സിന് നിയന്ത്രിക്കാൻ കഴിയാത്ത വിധം തീ പടർന്നതോടെ എറണാകുളം ജില്ലയിൽ നിന്ന് ഫയർ എൻജിൻ വന്നാണ് അന്ന് തീയണച്ചത്. ഇനിയും അപകടം ആവർത്തിക്കാതിരിക്കാൻ ഇവിടെയുള്ള പുല്ല് എത്രയും പെട്ടെന്ന് വെട്ടിമാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.