കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ എതിരില്ലാതെ സി.പി.എമ്മിന് ചെയർപേഴ്‌സൺ സ്ഥാനവും, ബി.ജെ.പിയും ഭാഗ്യവും തുണച്ചതോടെ സി.പി.ഐക്ക് വൈസ് ചെയർപേഴ്‌സൺ സ്ഥാനവും ലഭിച്ചു.

സി.പി.എമ്മിന് ഏഴും, സി.പി.ഐക്ക് അഞ്ചും, ബി.ജെ.പിക്ക് രണ്ടും സി.ഡി.എസുകളെ ലഭിച്ച തിരഞ്ഞെടുപ്പിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഒന്നിച്ച് നിന്ന ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

എൽ.ഡി.എഫിൽ സി.പി.എം - സി.പി.ഐ ധാരണയനുസരിച്ചാണ് സി.പി.എം സ്ഥാനാർത്ഥി റീന ആന്റണിയെ ചെയർപേഴ്‌സണനായി എതിരില്ലാതെ തിരഞ്ഞെടുത്തത്.

എന്നാൽ പരസ്പര ധാരണയ്ക്ക് വിരുദ്ധമായി വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് സി.പി.എം സ്ഥാനാർത്ഥിയെ നിറുത്തുകയായിരുന്നു.

വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് സി.പി.എം - സി.പി.ഐ സ്ഥാനാർത്ഥികൾ തമ്മിൽ മത്സരം നടന്നു. ഇതിനിടെ ബി.ജെ.പി.യുടെ രണ്ട് വോട്ടുകൾ സി.പി.ഐക്ക് ലഭിച്ചുവെന്നാണ് അനുമാനം. ഇതോടെ രണ്ട് ചെയർപേഴ്‌സൺ സ്ഥാനാർത്ഥികൾക്കും ഏഴ് വോട്ട് വീതമായി.

തുടർന്ന് നടന്ന ടോസിൽ സി.പി.ഐ സ്ഥാനാർത്ഥി ജയ മനോജ് വൈസ് ചെയർപേഴ്‌സണനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇരു പാർട്ടികളുടെ നേതൃത്വവും എം.എൽ.എയും കൂടിയുണ്ടാക്കിയ ധാരണയനുസരിച്ച് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തങ്ങൾ പിന്തുണച്ചുവെങ്കിലും വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരം വന്നപ്പോൾ സി.പി.എം ചതിക്കുകയായിരുന്നുവെന്നാണ് സി.പി.ഐ പറയുന്നത്.

തങ്ങൾക്ക് അധികം ലഭിച്ച രണ്ട് വോട്ടുകൾ ബി.ജെ.പിയുടേതല്ലെന്നും ഇവർ വാദിക്കുന്നു. എന്നാൽ പന്ത്രണ്ടാം വാർഡ് സി.ഡി.എസിനെ തിരഞ്ഞെടുത്തപ്പോൾ സി.പി.ഐ പരസ്പര ധാരണ ലംഘിച്ചതാണ് വൈസ് ചെയർപേഴ്‌സൺ മത്സരത്തിൽ തങ്ങളും സ്ഥാനാർത്ഥിയെ നിറുത്താൻ കാരണമെന്ന് സി.പി.എം പ്രദേശിക നേതൃത്വവും വിശദീകരിക്കുന്നു.