cpm

തൃശൂർ: സി.പി.എം. പ്രവർത്തകൻ ചെമ്പനേഴത്ത് രാജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഏഴ് ബി.ജെ.പി. പ്രവർത്തകർക്കും ജീവപര്യന്തം തടവ്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികളെയും ഒമ്പതാംപ്രതിയെയുമാണ് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ വിവിധ വകുപ്പുകളിലായി 1,35,000 രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കിൽ ആറ് മാസംകൂടി ശിക്ഷ അനുഭവിക്കണം. കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ സന്ധ്യയ്ക്ക് നഷ്ടപരിഹാരമായി പിഴസംഖ്യ നൽകാനും വിധിച്ചു. വാഴൂർ എസ്.എൻ.പുരം രാമംകുളത്ത് രതീഷ് (41), പടിഞ്ഞാറേ വെമ്പല്ലൂർ കൈപ്പോത്ത് ഗിരീഷ് (48), കാര പാറശേരി ഇരുമ്പൻ മനോജ് (50), വെമ്പല്ലൂർ വാഴൂർ രഞ്ജിത് (രാജു– 37), ബേബികടവ് പെരിങ്ങത്തറ സുനി (സുനേന്ദ്രൻ– 45), മുല്ലം ബസാർ പനങ്ങാട്ട് കിഷോർ (46), പാപ്പിനിവട്ടം പൂവത്തുംകടവ് തോപ്പിൽ ഷാജി (മാരി ഷാജി 45) എന്നിവരാണ് പ്രതികൾ.

2006 സെപ്റ്റംബർ 24ന് രാത്രിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഭാര്യ സന്ധ്യയുമൊത്ത് വാഴൂർ അമ്പലത്തിന് സമീപം ഭാര്യയുടെ സഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു രാജു. 25ന് പുലർച്ചെ രണ്ടോടെ വീട് തകർത്ത് അകത്തുകടന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച ഭാര്യ സന്ധ്യയുടെ കൈയ്ക്ക് വെട്ടേറ്റു. വീട്ടുകാർക്കും പരിക്കേറ്റിരുന്നു. മതിലകം സി.ഐയായിരുന്ന എം.എസ്.ബാലസുബ്രഹ്മണ്യനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പി.പി.ഹാരിസ്, കെ.എം.ഷൈജു എന്നിവർ ഹാജരായി.