
തൃപ്രയാർ: ആറാട്ടുപുഴ ദേവസംഗമത്തിന് മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് മാർച്ച് 10ന് നടക്കും. ഉച്ചതിരിഞ്ഞ് 2.44നും 3.30നും ഇടയിൽ പരമ്പരാഗത രീതിയിൽ പ്രൗഢഗംഭീരമായി ചടങ്ങ് നടത്താൻ പ്രാദേശിക കമ്മിറ്റികളുടെ ആലോചനാ യോഗത്തിൽ തീരുമാനിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് ഗ്രാമപ്രദക്ഷിണം ഭംഗിയാക്കും. ഓരോ കേന്ദ്രങ്ങളിലും തേവർക്ക് സ്വീകരണമൊരുക്കും. നാട്ടാന പരിപാലന ചട്ടമനുസരിച്ചാവും ആന എഴുന്നള്ളിപ്പ്. പൂരം പുറപ്പാട് ദിവസം നാണയത്തുട്ടുകൾ കോലത്തിൻമേൽ വലിച്ചെറിയരുതെന്ന് ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. ക്ഷേത്രം ഊട്ടുപുരയിൽ ചേർന്ന യോഗത്തിൽ ദേവസ്വം മാനേജർ എം.മനോജ്കുമാർ, ഊരായ്മക്കാരായ രവി ചേലൂർ, പുന്നപ്പുള്ളി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ഉപദേശക സമിതി പ്രസിഡന്റ് ടി.ജെ.സുമന, വി.ആർ.പ്രകാശൻ, ടെമ്പിൾ ഡവലപ്പ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.ജി.നായർ, യു.പി.കൃഷ്ണനുണ്ണി, സുലോചനാ ശക്തീധരൻ, സി.എസ് മണികണ്ഠൻ എന്നിവർ പങ്കെടുത്തു.