
തൃശൂർ: ദുരന്തനിവാരണത്തിനും മറ്റ് ദുരിത മേഖലകളിലും യുവാക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള യുവജന ക്ഷേമബോർഡിന്റെ വൊളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സ് സന്നദ്ധ സേനയിൽ ലക്ഷത്തിലേറെ അംഗങ്ങൾ കവിഞ്ഞതിന് പിന്നാലെ ഇവർക്കുള്ള പരിശീലനത്തിന് വേഗം കൂട്ടി. സംസ്ഥാനത്ത് 5,000 ൽ ഏറെപേർ പരിശീലനം പൂർത്തിയാക്കി സന്നദ്ധപ്രവർത്തനങ്ങൾക്ക് തയ്യാറായി. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം ജില്ലകളിലും തുടങ്ങി. കൂടുതൽ പരിശീലനം നൽകുക ദേവികുളത്തെ അഡ്വഞ്ചർ അക്കാഡമിയിലാകും. റോക്ക് ക്ലൈംപിംഗ്, റിവർ ക്രോസിംഗ്, ട്രെക്കിംഗ്, സ്വിമ്മിംഗ്, ലൈഫ് ഗാർഡ് ട്രെയിനിംഗ്, ലൈഫ് സേവർ ട്രെയിനിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങിയവയും ഇവരെ അഡ്വഞ്ചർ അക്കാഡമികളിൽ പരിശീലിപ്പിക്കും.
പ്രകൃതിയെ അറിഞ്ഞാണ് പുതിയ പാഠം പഠിപ്പിക്കുന്നത്. ശാരീരിക ക്ഷമതയുള്ളവരെയാണ് പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കുക. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ മികച്ച സേവനം കാഴ്ച വച്ച വൊളന്റിയേഴ്‌സിന് ആദ്യഘട്ടത്തിൽ ദേവികുളത്ത് പരിശീലനം നൽകിയിരുന്നു. പ്രളയകാലത്താണ് ഫോഴ്‌സ് രൂപീകരിക്കാൻ തീരുമാനിച്ചത്. കൊവിഡിന്റെ ആദ്യതരംഗത്തിൽ 2,36,000 പേരടങ്ങുന്ന യുവാക്കളുടെ സന്നദ്ധസേനയെ രംഗത്തിറക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിച്ചിരുന്നു. യുവജനക്ഷേമ ബോർഡിന് കീഴിൽ ജില്ലാതലത്തിൽ രൂപീകരിച്ച വളണ്ടിയർ സേനയുടെ തിരഞ്ഞെടുത്ത ക്യാപ്റ്റന്മാർക്കുള്ള പരിശീലന പരിപാടി ഇന്നലെ രാമവർമ്മപുരത്ത് തുടങ്ങിയിരുന്നു.
വാർഡുകളിലും പ്രതിനിധികൾ
പഞ്ചായത്ത് , മുനിസിപ്പൽ, കോർപറേഷൻ തലങ്ങളിൽ ഇവരുടെ പ്രവർത്തനം ഉറപ്പ് വരുത്താനായാണ് പരിശീലനം നടത്തുന്നത്. പഞ്ചായത്ത് തലത്തിൽ നിന്ന് പരീശീലനം നൽകിയ ശേഷം വാർഡ് തലത്തിലും സേനയിലേക്ക് തിരഞ്ഞെടുക്കും. എൻ.എസ്.എസ്, എൻ.സി.സി അംഗങ്ങളാണ് കൂടുതലും സേനയിലുള്ളത്. മാലിന്യസംസ്‌കരണം മുതൽ റോഡപകടം വരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പഠിപ്പിക്കുന്നുണ്ട്.
സേനാംഗങ്ങൾക്കുള്ള ഗുണങ്ങൾ
പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ വഴി ഭാവിയിൽ ഓണറേറിയം
ഐ.ഡി കാർഡും രണ്ട് ടീ ഷർട്ടും ട്രാക്ക് സ്യൂട്ടും യൂണിഫോമും ലഭ്യമാക്കും
പരിശീലന സർട്ടിഫിക്കറ്റ് വിദ്യാഭ്യാസത്തിനും തൊഴിലിനും സഹായകമാകും.
ദുരന്ത നിവാരണ സാക്ഷരതയ്ക്ക് മുൻതൂക്കം നൽകണം
ദുരന്തങ്ങളെ അതിജീവിക്കാൻ ദുരന്തനിവാരണ സാക്ഷരതയ്ക്ക് മുൻതൂക്കം നൽകുന്ന കാലഘട്ടത്തിലേയ്ക്ക് നാം മാറേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലൂടെ ദുരിതമേഖലകളിൽ യുവജനശക്തി ഉറപ്പാക്കി ദുരന്ത ലഘൂകരണം കുറയ്ക്കണം. പ്രകൃതി ചൂഷണത്തിനെതിരെ വിരൽ ചൂണ്ടാൻ കഴിയുംവിധം യൂത്ത് ആക്ഷൻ ഫോഴ്‌സിനെ വിപുലീകരിക്കണം.
കെ രാജൻ, റവന്യൂമന്ത്രി
(യുവജനക്ഷേമ ബോർഡിന് കീഴിൽ ജില്ലാതലത്തിൽ രൂപീകരിച്ച വളണ്ടിയർ സേനയുടെ തിരഞ്ഞെടുത്ത ക്യാപ്റ്റന്മാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞത്)
പരിശീലനത്തിലുള്ളത്
94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 90 പേർ
40 പെൺകുട്ടികൾ
50 ആൺകുട്ടികൾ
പ്രായം 18 നും 30 നും ഇടയിൽ