road
പെരുമ്പിള്ളിശേരി - ചേർപ്പ് മേഖലയിലെ റോഡ് നിർമ്മാണം മൂലം അന്തരീക്ഷത്തിലേക്ക് ഉയർന്നുവരുന്ന പൊടി.

ചേർപ്പ്: തൃശൂർ - തൃപ്രയാർ സംസ്ഥാന പാതയിൽ പെരുമ്പിള്ളിശ്ശേരി, ചേർപ്പ്, തായംകുളങ്ങര എന്നിവടങ്ങളിൽ ഒരാഴ്ചയായ നടക്കുന്ന അതിവേഗ റോഡ് പണി മൂലം പൊടി ശല്യത്തിൽ പൊറുതിമുട്ടി സമീപവാസികൾ. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതിൽ നിത്യോപയോഗ സാധന സാമഗ്രികൾ വിൽക്കുന്ന കടകൾ, തുണി കടകൾ, ഹോട്ടലുകൾ തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട്. പൊടി ശല്യം രൂക്ഷമായതിനാൽ ശരിയായ തോതിൽ കച്ചവടം നടക്കുന്നില്ലെന്നും ഉടമകൾ പറയുന്നു.

ഇതുവഴി കടന്നുപോകുന്ന യാത്രക്കാർക്ക് കരിങ്കൽ പൊടി മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. രാവിലെ ആരംഭിക്കുന്ന പണികൾ വൈകിട്ട് വരെ നീളും. റോഡ് വെട്ടിപ്പൊളിക്കുന്നതും, പകൽ മുഴുവൻ നീളുന്ന ടാറിംഗ് പ്രവൃത്തിയും മൂലം മണിക്കൂറുകളോളം ഗതാഗത തടസം നേരിടുന്ന സ്ഥിതിയാണ്.

ഇനിയും നികത്താത്ത കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നുമുണ്ട്. നിരവധി ദുരിതങ്ങൾ സഹിച്ചാണ് ആളുകൾ ഇതുവഴി യാത്ര ചെയ്യുന്നത്. മഴക്കാലത്ത് മേഖലയിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് റോഡ് ടാർ ചെയ്യുന്നത്. നിർമ്മാണ പ്രവൃത്തികൾ രാത്രിയിലേക്ക് മാറ്റി ഗതാഗത തടസം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.