കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽ നിന്നുള്ള

മാള: കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ കെ.എസ്.ആർ.ടി.സി മാള ഡിപ്പോ അധികൃതരുടെയും, യൂണിയൻ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. അടുത്ത ദിവസം മുതൽ കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽ നിന്ന് കൂടുതൽ ഷെഡ്യൂളുകൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. കൊവിഡ് കാലത്ത് 23 ബസുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോൾ നാല് ബസുകൾ കൂടി വർദ്ധിപ്പിച്ചു. എം.എൽ.എയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടിയിലായിരുന്ന ജീവനക്കാരെ ഡബിൾ ഡ്യൂട്ടിയാക്കി ക്രമീകരിച്ചു. 130 ട്രിപ്പായിരുന്ന ഓർഡിനറി ബസുകളുടെ എണ്ണം കൂട്ടി 165 ട്രിപ്പായി ക്രമീകരിക്കും. കൂടാതെ അഞ്ച് ഫാസ്റ്റ് ബസുകൾ, നാല് സൂപ്പർ ഫാസ്റ്റ് ബസുകൾ ഉൾപ്പെടെ ആകെ 200 ട്രിപ്പാക്കും. കൊവിഡിന് മുമ്പ് ഡിപ്പോയിൽ നിന്ന് 37 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കാമെന്ന് വകുപ്പ് മന്ത്രിയുടെ നിർദ്ദേശവുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫീസിൽ നിന്ന് ബസുകളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ആരാഞ്ഞ് കത്തും ലഭിച്ചിരുന്നു. ആയതിനാൽ യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും ട്രിപ്പിന്റെ സാമ്പത്തിക ചെലവിന് ആനുപാതികമായും ഡിപ്പോയിൽ നിന്നുള്ള ബസുകളുടെയും ട്രിപ്പുകളുടെയും എണ്ണം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.