കയ്പമംഗലം: ചെന്ത്രാപ്പിന്നി ശ്രീതെച്ചിക്കാവ് അയ്യപ്പൻകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബന്ധിച്ച് നടത്തിയ അയ്യപ്പൻ തീയാട്ട് ഭക്തിസാന്ദ്രമായി.
മുളങ്കുന്നത്ത്കാവ് പടിഞ്ഞാറെ തീയാടി നാരായണൻ കുട്ടി നമ്പ്യാരും സംഘവുമാണ് അയ്യപ്പൻ തീയാട്ട് അവതരിപ്പിച്ചത്. കേരളത്തിന്റെ അനുഷ്ഠാനകലകളിൽ ഒന്നാണ് അയ്യപ്പൻ തീയാട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ അയ്യപ്പൻകാവുകളിലാണ് പ്രധാനമായും ഈ കല അനുഷ്ഠിച്ചുവരുന്നത്.
കളമെഴുത്തും പാട്ടും കഥാഭിനയമുള്ള കൂത്തുമാണ് തീയാട്ടിന്റെ സവിശേഷതകൾ. കുരുത്തോല കെട്ടി അലങ്കരിച്ച മണിപ്പന്തലിൽ പഞ്ചവർണ പൊടികൾ ഉപയോഗിച്ച് കളം വരച്ച് പാട്ട് നടത്തിയതിന് ശേഷമാണ് തീയാട്ട് ആരംഭിക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ പാട്ടിലും കൈമുദ്രകൾക്കും മേളത്തിനും തുല്യ പ്രാധാന്യമാണുള്ളത്. തൃശൂർ മുളങ്കുന്നത്തുകാവിലെ തീയാടി നമ്പ്യാർമാരാണ് ഇന്ന് പ്രധാനമായും അയ്യപ്പൻ തീയ്യാട്ട് അവതരിപ്പിക്കുന്നത്.
തീരദേശത്ത് ചെന്ത്രാപ്പിന്നി തെച്ചിക്കാവ് അയ്യപ്പൻകാവ് ക്ഷേത്രത്തിലാണ് വർഷംതോറും അയ്യപ്പൻ തീയാട്ട് നടന്നുവരുന്നത്. മുളങ്കുന്നത്ത് കാവ് പടിഞ്ഞാറെ തീയാടി നാരായണൻ കുട്ടി നമ്പ്യാരുടെ മകൻ ടി.എൻ. നീലകണ്ഠൻ നമ്പ്യാരാണ് വേഷമിട്ടത്. നിധിൻ അയ്യന്തോൾ, ആനന്ദൻ മുളങ്കുന്നത്തുകാവ് എന്നിവർ മേളമൊരുക്കി.