ചാലക്കുടി: ടൗൺഹാൾ മാർച്ച് മാസം തുറന്നു പ്രവർത്തിപ്പിക്കുന്നതിന് നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അവസാനഘട്ട നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാനും തീരുമാനിച്ചു. നെയിം ബോർഡ്, കിണർ നിർമ്മാണം, പെയിന്റിംഗ് എന്നിവയും ഉടനെ പൂർത്തിയാക്കുമെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ അറിയിച്ചു. ടൗൺഹാളിന്റെ നടത്തിപ്പ് സംബന്ധിച്ച നിയമാവലിയും വാടക നിരക്കും സ്റ്റിയറിംഗ് കമ്മിറ്റിയുടെ ശുപാർശയോടെ അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനിക്കും. നഗരസഭയിലെ തെരുവ് വിളക്കുകളുടെ ഒരു വർഷത്തേക്കുള്ള അറ്റകുറ്റപ്പണികൾക്കുള്ള കരാറിന് കൗൺസിൽ അംഗീകാരം നൽകി.
24.46 ലക്ഷം രൂപയ്ക്കാണ് കരാർ. കലാഭവൻ മണിയുടെ ചരമ വാർഷികദിനമായ മാർച്ച് 6 ന് നഗരസഭയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഇതിനായി സംഘാടക സമിതിയും രൂപീകരിക്കും. നടുവം കാവ്യോത്സവം ഈ വർഷം നടത്താനും തീരുമാനമായി. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, അഡ്വ. ബിജു.എസ്.ചിറയത്ത്, കെ.വി. പോൾ, ഷിബു വാലപ്പൻ, വി.ജെ. ജോജി, സി.എസ്. സുരേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.