
ചേലക്കര : മതസൗഹാർദ്ദത്തിന് പ്രസിദ്ധിയാർജിച്ച കാളിയാ റോഡ് പള്ളി ജാറം ചന്ദനക്കുടം നേർച്ച ആഘോഷിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ആഘോഷ പരിപാടികൾ നടത്തിയത്. കേന്ദ്ര ജമാ അത്ത് ഖത്തീബ് സുലൈമാൻ ദാരിമി ഏലംകുളത്തിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണവും ഖത്തം ദു ആയും നടന്നു. തുടർന്ന് അന്നദാനവും നടത്തി.
കേന്ദ്ര ജമാഅത്തിന്റെ കീഴിലുള്ള മഹല്ലുകളിൽ നിന്നുള്ള നേർച്ചകൾ പള്ളി ജാറത്തിലെത്തി ആദ്യം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് പുറം മഹല്ലുകളുടെയും യുവജന നേർച്ചക്കമ്മിറ്റികളുടേതായ നേർച്ചകൾ പള്ളി ജാറത്തിലുമെത്തി. ഗജവീരന്മാരുടെ എഴുന്നള്ളിപ്പും ഘോഷയാത്രയും നേർച്ച കമ്മിറ്റി കേന്ദ്രങ്ങളിൽ മാത്രം ഒതുക്കി പരിമിതമായ അംഗങ്ങൾ മാത്രം ജാറം അങ്കണത്തിലെത്തി കൊടി ഉയർത്തുകയാണ് ചെയ്തത്. പള്ളി ജാറത്തിലെത്തിയ നേർച്ചകളെ മുട്ടുംവിളിയുടെ അകമ്പടിയോടെ പള്ളികമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചാനയിച്ചു. കാളിയാറോഡ് ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി വിവിധ യുവജനക്കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നദാനവും വിവിധ കലാപ്രകടനങ്ങളും ആന എഴുന്നള്ളിപ്പും നടത്തി.
പള്ളിയിൽ നടന്ന ആഘോഷ ചടങ്ങുകൾക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വി.എസ് കാസിം ഹാജി, സെക്രട്ടറി കെ.എം രാജേഷ് ഖാൻ, ട്രഷറർ പി.എസ് മൊയ്തീൻ കുട്ടി, വൈസ് പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, ജോ. സെക്രട്ടറി ആർ.വൈ അബ്ദുൾറഹ്മാൻ എന്നിവർ നേതൃത്വം നൽകി.