
ഗുരുവായൂർ: ഉത്സവം ആറാം ദിവസം ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിലെഴുന്നള്ളി. ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം എഴുന്നള്ളിച്ചത്.
മേളത്തിന്റെ അകമ്പടിയിൽ നടന്ന എഴുന്നള്ളിപ്പിൽ ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ നന്ദൻ സ്വർണ്ണക്കോലമേറ്റി. ഉത്സവം കഴിയുന്നതുവരെ ഇനിയുള്ള ദിവസങ്ങളിൽ കാഴ്ചശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണത്തിനും സ്വർണക്കോലം എഴുന്നള്ളിക്കും. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളായ ഉത്സവം, അഷ്ടമിരോഹിണി, ഏകാദശി എന്നീ വിശേഷ ദിവസങ്ങളിൽ മാത്രമാണ് സ്വർണ്ണക്കോലം എഴുന്നള്ളിക്കുക. പത്ത് കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിന് നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണിക്കൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, 191 സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. സ്വർണത്തകിടിലുള്ള ദശാവതാരങ്ങളും അനന്തശയനവും സൂര്യ ചന്ദ്ര പ്രഭകളും വ്യാളീമുഖവും കോലത്തിൽ പതിച്ചിട്ടുണ്ട്. വിലയേറിയ മരതകക്കല്ലും അഞ്ച് തട്ടുള്ള സ്വർണ അലുക്കുള്ള കുടയുമാണ് മുകളിൽ.
ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതാണ് സ്വർണ്ണക്കോലമെഴുന്നള്ളത്ത്. ഗുരുവായൂർ ഉത്സവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി തിങ്കളാഴ്ച നടക്കും. പാണികൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ വരുത്തി ബലികൊടുത്ത് തൃപ്തരാക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ഉത്സവബലി. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ചടങ്ങ് തുടങ്ങും. സങ്കീർണമായ താന്ത്രിക ചടങ്ങുകളുള്ള ഉത്സവ ബലി ക്ഷേത്രം തന്ത്രിയാണ് നിർവഹിക്കുക. കീഴ്ശാന്തിമാരും കഴകക്കാരും മാരാർമാരും പങ്കാളികളാകും.
ഗുരുവായൂർ ഉത്സവം: ആറാട്ടിന് മൂന്ന് ആനകൾ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ആറാട്ട്, പള്ളിവേട്ട ദിവസങ്ങളിൽ നടക്കുന്ന ഗ്രാമപ്രദക്ഷിണത്തിന് മൂന്ന് ആനകളെ എഴുന്നള്ളിക്കും. മൂന്ന് ആനകളെ പങ്കെടുപ്പിക്കാനാണ് ദേവസ്വത്തിന് അനുമതി ലഭിച്ചത്. ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളിക്കാനുള്ള ആനകളെ ദേവസ്വം വിദഗ്ദ്ധ സമിതി തീരുമാനിച്ചു.
22ന് പള്ളിവേട്ട ദിനത്തിൽ ഗ്രാമപ്രദക്ഷിണത്തിന് കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമെഴുന്നള്ളിക്കും. പറ്റാനകളായി കൊമ്പന്മാരായ വിഷ്ണുവും ശ്രീധരനും അണിനിരക്കും. ഗോപികൃഷ്ണനും ബാലുവും കരുതൽ ആനകളാകും. ഉത്സവ സമാപന ദിവസമായ 23 ന് നടക്കുന്ന ആറാട്ടിൽ കൊമ്പൻ ഗുരുവായൂർ നന്ദൻ സ്വർണ്ണക്കോലം എഴുന്നള്ളിക്കും.
സിദ്ധാർത്ഥനും ഗോകുലും പറ്റാനകളാകും. ചെന്താമരാക്ഷൻ, ദാമോദർദാസ് എന്നീ കൊമ്പന്മാർ കരുതലാനകളാകും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ പ്രദക്ഷിണ ഓട്ടത്തിന് ഗജറാണി നന്ദിനിയാനയാകും തിടമ്പേറ്റുക. കൊമ്പൻ ഗോപി കണ്ണൻ കരുതൽ ആനയാകും. ദേവസ്വത്തിലെ ജീവധനം വിദഗ്ദ്ധസമിതിയാണ് ആറാട്ട്, പള്ളിവേട്ട ചടങ്ങുകൾക്കുള്ള ആനകളെ നിശ്ചയിച്ചത്.