കൊടുങ്ങല്ലൂർ: എറിയാട് കേരളവർമ ഹയർ സെക്കൻഡറി സ്‌കൂളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായതായി പരാതി. സ്‌കൂളിലെ ഗ്രൗണ്ടിനോട് ചേർന്നുള്ള റൂമിന്റെ താഴ് തല്ലിപ്പൊളിച്ച നിലയിൽ കണ്ടെത്തി. അകത്ത് സൂക്ഷിച്ചിരുന്ന ബാലറ്റ് പെട്ടികൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഇവിടെ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകളിൽ ചിലത് തല്ലിത്തകർക്കുകയും ചിലത് തിരിച്ച് വച്ച് പ്രവർത്ത രഹിതമാക്കുകയും ചെയ്തു. തിങ്കളാഴ്ച സ്‌കൂൾ തുറക്കുന്നതിനു മുമ്പായി ശനിയാഴ്ച രാവിലെ ക്ലീൻ ചെയ്യാൻ വന്നവരാണ് സംഭവം കണ്ടത്.
ഡോറുകൾ ചവിട്ടി പൊളിച്ച നിലയിലും ബഞ്ച്, ഡെസ്‌ക് എന്നിവ തകർക്കുകയും ചെയ്തിട്ടുണ്ട്. പുല്ലൂറ്റ് സ്‌കൂളിലെ കെട്ടിടം പണിയെ തുടർന്നാണ് ഒരു വർഷം മുമ്പ് അവിടെ സൂക്ഷിച്ചിരുന്ന 150 ബാലറ്റ് പെട്ടികൾ എറിയാട് കെ.വി.എച്ച്.എസിലേക്ക് മാറ്റിയത്. രാത്രി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവർ സ്‌കൂൾ താവളമാക്കുന്നതായി നേരത്തെ മുതൽ ആക്ഷേപമുണ്ട്. സ്‌കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് എത്തി പരിശോധന നടത്തി.