ചേലക്കര: തൊഴിൽ വകുപ്പ് കേരളത്തിലാരംഭിക്കുന്ന രണ്ട് കരിയർ ഡവലപ്‌മെന്റ് സെന്ററുകളിലൊന്ന് ചേലക്കരയിൽ ആരംഭിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ജില്ലയിലെയും സമീപ മേഖലകളിലെയും തൊഴിൽ രഹിതർക്ക് പരിശീലനം നൽകി തൊഴിൽ കണ്ടെത്താൻ സഹായിക്കുകയാണ് ലക്ഷ്യം. കരിയർ സംബന്ധമായ ഏതു പ്രശ്‌നത്തിനും പരിഹാരം നൽകുന്ന കേന്ദ്രമായിരിക്കും സെന്റർ. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ നൂതനപ്രവണതകളെകുറിച്ചും അറിവും പരിശീലനവും ഇവിടെ നൽകും. പ്രായഭേദമില്ലാതെ ആർക്കും ഇവിടെ രജിസ്‌ട്രേഷൻ നടത്താം. കൗൺസലറുടെ സേവനവും ലഭ്യമാണ്. ഇന്റർവ്യൂ പരിശീലനം, മൃദു നൈപുണ്യ പരിശീലനങ്ങൾ, മത്സര പരീക്ഷാ പരിശീലനം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നിർദേശങ്ങളും സെന്ററിൽ നിന്നും ലഭിക്കും. വിപുലമായ കരിയർ ലൈബ്രറി ഒരുക്കിയിട്ടുണ്ട്. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ വാഴക്കാട് ജംഗ്ഷനോട് ചേർന്നാണ് കരിയർ ഡവലപ്‌മെന്റ് സെന്റർ ആരംഭിക്കുന്നത്. സ്ഥലം മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് ലഭ്യമാക്കും. കെട്ടിടത്തിനും മറ്റു സൗകര്യങ്ങൾക്കുമായി 120 ലക്ഷം രൂപയും അനുവദിച്ചു. നേമത്താണ് രണ്ടാമത്തെ കരിയർ സെന്റർ. പട്ടിക, പിന്നോക്ക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന ചേലക്കര മണ്ഡലത്തിൽ കരിയർ ഡവലപ്‌മെന്റ് സെന്റർ ആരംഭിക്കുന്നത് മേഖലയ്ക്കാകെ കൂടുതൽ പ്രയോജനകരമാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.