കുന്നംകുളം: വിശപ്പുരഹിത നഗരത്തിന്റെ ഭാഗമായുള്ള നഗരസഭ സുഭിക്ഷ കാന്റീൻ കുടുംബശ്രീ സംരംഭമായ ഐഫ്രം യൂണിറ്റിന്റെ പ്രവർത്തന കാലാവധി പുതുക്കി നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരത്തിലെ തെരുവ് നായ ശല്യം പരിഹരിക്കാൻ നായ്ക്കളെ വന്ധ്യംകരിച്ച് പാർപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ നായർ പറഞ്ഞു. പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു കോടി 58 ലക്ഷം രൂപ നൽകാനുണ്ടെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ യോഗത്തിൽ അറിയിച്ചു. ഇ.എം.എസ് ഭവന നിർമ്മാണ ഫണ്ട് നിക്ഷേപ തുകയായ ഒരു കോടി 26 ലക്ഷം രൂപ പിൻവലിച്ചാണ് പി.എം.എ.വൈ ഭവന നിർമ്മാണ ഗുണഭോക്താക്കൾക്ക് നഗരസഭയുടെ ഫണ്ട് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന ഫണ്ട് ലഭിച്ചാൽ മാത്രമെ ബാക്കി തുക നൽകാൻ കഴിയൂവെന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കി. മാലിന്യ നിർമ്മാർജനത്തിന്റെ ഭാഗമായി കച്ചവടക്കാർ മാസംതോറും 100 രൂപ ഹരിതകർമ്മസേനയ്ക്ക് നൽകണം. ഇതിനായി കാർഡ് അച്ചടിച്ച് നൽകും. നഗരസഭാ ടൗൺഹാൾ പരിസരത്ത് അനധികൃതമായി നിർമ്മിച്ച കണ്ടെയ്‌നർ ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി. പി.എം. സുരേഷ്, കെ.കെ. മുരളി, ഗീതശശി, ബിനുപ്രസാദ്, രേഷ്മ സുനിൽ, സന്ദീപ് ചന്ദ്രൻ, മിനി മോൻസി, ബിജു.സി.ബേബി തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.