fir

കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ കുന്നംകുളം പൊലീസ് 19 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. 15 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ സാമൂഹിക മാദ്ധ്യമം വഴി മെസേജ് അയച്ച് പ്രണയം നടിച്ച് രാത്രി വീട്ടിൽ നിന്നും പുറത്തിറക്കി വിജനമായ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിന് പ്രതിയായ ജിതിനെ കുന്നംകുളം ഇൻസ്‌പെക്ടർ സൂരജ് വി.സിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള നിരവധി രേഖകൾ കുറ്റപത്രത്തോടൊപ്പം ഉൾപ്പെടുത്തി. അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതായി. സബ് ഇൻസ്‌പെക്ടർ ഷക്കീർ അഹമ്മദ്, എ.എസ്.ഐ വർഗീസ്, സി.പി.ഒ ഉല്ലാസ്, ഷിഹാബുദ്ദീൻ, വിനിത എന്നിവരും പൊലീസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.