പാവറട്ടി: കരുവാന്റെ ആലയിലിരുന്ന് ഇരുമ്പ് ആയുധങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ മധു പൈങ്കുളം ലോഹ വിഗ്രഹ നിർമ്മാണ രംഗത്തെ പ്രശസ്തനായ ശിൽപ്പിയാണ് ഇന്ന്. ചെറുതുരുത്തി പൈങ്കുളം സ്വദേശി മധു 20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. പിതാവ് പൈങ്കുളം കരുവാൻ കുഞ്ചുവാണ് ഗുരു. പിതാവിനോടൊപ്പം കുട്ടിക്കാലം മുതൽ കരുവാന്റെ ആലയിൽ ജോലി ചെയ്ത മധു ചിത്രകലയിൽ അഭിരുചിക്കനുസരിച്ച് ലോഹ ശിൽപ്പ നിർമ്മാണ രംഗത്തേയ്ക്ക് വഴിമാറുകയായിരുന്നു. മുല്ലശ്ശേരി പറമ്പൻതളി മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി വാതിൽ, കട്ടിള എന്നിവ പിച്ചള പൊതിയൽ പൂർത്തിയാക്കിയത് മധുവാണ്. 22, 16 ഗേയ്ജ് കനത്തിലുള്ള പിച്ചിള തകിട് ഉപയോഗിച്ചാണ് നിർമ്മാണം. 36 കിലോ പിച്ചിളയാണ് ഇതിനായി ഉപയോഗിച്ചത്. വാതിലിൽ പൂക്കളും ത്രിശൂലവും ഡിസൈൻ ചെയ്തിട്ടുണ്ട്. കട്ടളയിൽ താമര, ശംഖ്, കലശക്കുടം, ത്രിശൂലം എന്നിവയും ആലേഖനം ചെയ്തിട്ടുണ്ട്. കട്ടിളയുടെ മുകൾവശത്ത് ശിവ രൂപവും, ഓം നമ:ശിവായ എന്ന നാമവും എഴുതിയിട്ടുണ്ട്.വെങ്കിടങ്ങ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിന്റെ നിർമ്മാണവും മധു ഏറ്റെടുത്തിട്ടുണ്ട്. കുളപ്പുള്ളി അന്തിമഹാകാളൻ കാവ് ക്ഷേത്രം, ഒറ്റപ്പാലം ചിനക്കത്തൂർ കാവ്, വേങ്ങേരി ശിവക്ഷേത്രം, തൃശൂർ കോലഴി പൂവണി ശിവക്ഷേത്രം തുടങ്ങി നിരവധി അമ്പലങ്ങളും പണിതിട്ടുണ്ട്. ക്ഷേത്ര ശിൽപ്പ നിർമ്മാണങ്ങൾക്കായി 17 വർഷമായി ശ്രീകൃഷ്ണ ബ്രാസ് ഹാൻഡി ക്രാഫ്ട്‌സ് എന്ന സ്ഥാപനം നടത്തി വരുന്നു. സുനിതയാണ് ഭാര്യ. വിദ്യാർത്ഥികളായ വിൽസ, വിജിത്ത് എന്നിവർ മക്കളാണ്.
ലോഹ ശിൽപ്പ നിർമ്മാണം പ്രൊഫഷണലായി പഠിച്ചിട്ടില്ല. പിതാവിനോടൊപ്പം കുട്ടിക്കാലം മുതൽ കരുവാന്റെ ആലയിൽ ജോലി ചെയ്തുള്ള പരിചയമാണ് ലോഹ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രചോദനം.
-മധു പൈങ്കുളം