മാള: സാമൂഹിക ദ്രോഹികൾ തീയിട്ടുണക്കാൻ ശ്രമിച്ച ഒരു നൂറ്റാണ്ടിലേറെ പ്രായുള്ള നാട്ടുമാവിന് വൃക്ഷചികിത്സ നൽകി. ആളൂർ പഞ്ചായത്ത് ബി.എം.സിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ ചികിത്സകനായ കെ. ബിനുവാണ്
വൃക്ഷ ആയുർവേദവിധി പ്രകാരമുള്ള ചികിത്സ ചെയ്തത്. ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് ചികിത്സ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഷാജു, ഷൈനി തിലകൻ, യു.കെ. പ്രഭാകരൻ, ജിഷ ബാബു എന്നിവർ സംസാരിച്ചു. കെ. ബിനു ചികിത്സാ രീതി വിശദീകരിച്ചു. വൈകിട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വൃക്ഷ സംരക്ഷണ ജനകീയ കൂട്ടായ്മ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു ഉദ്ഘാടനം ചെയ്തു. പ്രൊഫ. കുസുമം ജോസഫ് വൃക്ഷ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാദർ ജോൺ കവലക്കാട്ട്, എം. മോഹൻദാസ്, ധിപിൻ പാപ്പച്ചൻ, അഡ്വ. എം.എസ്. വിനയൻ, പി.സി. ഷണ്മുഖൻ, കെ.ബി. സുനിൽ, മിനിപോളി എന്നിവർ സംസാരിച്ചു.
വൃക്ഷചികിത്സ ഇങ്ങനെ
ചിതൽപ്പുറ്റ്, വൃക്ഷത്തിന്റെ ചുവട്ടിലെ മണ്ണ്, പാടത്തെ ചളിമണ്ണ്, പശുവിന്റെ ചാണകം എന്നിവ കൂട്ടിക്കലർത്തി അതിൽ അരിപ്പൊടി, ഉഴുന്ന് പൊടി, എള്ള്, രാമച്ചം പൊടിച്ചത്, കദളിപ്പഴം, നാടൻ പശുവിന്റെ നെയ്യ്, പാൽ, ചെറുതേൻ എന്നിവ കൂടി കുഴച്ചുചേർത്താണ് ഔഷധക്കൂട്ട് തയ്യാറാക്കിയത്. ഇത് മരത്തിന്റെ കേടുപറ്റിയ ഭാഗത്ത് തേച്ചുപിടിപ്പിച്ച് പരുത്തിത്തുണി ചണ നൂലുകൊണ്ട് ചുറ്റിക്കെട്ടിയതോടെയാണ് നാല് മണിക്കൂർ നീണ്ട ചികിത്സ പൂർത്തിയായത്.