abeera

കൊടുങ്ങല്ലൂർ: കിടപ്പുമുറിയിൽ വിഷവാതകം നിറച്ച് സോഫ്ട്‌‌വെയർ എൻജിനിയറും ഭാര്യയും രണ്ട് പെൺമക്കളും ജീവനൊടുക്കി. കൊടുങ്ങല്ലൂർ ലോകമലേശ്വരം ഉഴുവത്തുകടവിൽ കാടാപറമ്പത്ത് റിട്ട. പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥൻ പരേതനായ ഉബൈദിന്റെ മകനും അമേരിക്കൻ ഐ.ടി സ്ഥാപനത്തിലെ സോഫ്ട് വെയർ എൻജിനിയറുമായ ആസിഫ് (41), ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്‌ നുന്നിസ (8) എന്നിവരാണ് മരിച്ചത്. വിഷവാതകം പുറത്തുപോകാതിരിക്കാനായി മുറിയുടെ ജനാലകളും വാതിലും അടച്ചതിന് പുറമേ പ്ളാസ്റ്റർകൊണ്ട് ഒട്ടിച്ച് വായുസഞ്ചാരം തടഞ്ഞ നിലയിലായിരുന്നു. സാമ്പത്തികബാദ്ധ്യത മൂലം ആത്മഹത്യ ചെയ്യുന്നതായി കാണിച്ച് സഹോദരിക്ക് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തി.

മികച്ച സാമ്പത്തികനിലയിൽ കഴിഞ്ഞിരുന്ന കുടുംബമാണ്. അടുത്തിടെ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായെന്ന് പറയപ്പെടുന്നു. വീട് ജപ്തി ഭീഷണിയിൽ ആയിരുന്നെന്നും സൂചനയുണ്ട്.

ഇരുനില വീട്ടിൽ മുകൾനിലയിലായിരുന്നു ആസിഫും കുടുംബവും കിടന്നിരുന്നത്. താഴെത്തെ നിലയിൽ സഹോദരിയും രോഗബാധിതയായി കിടപ്പിലായ മാതാവുമാണ് ഉണ്ടായിരുന്നത്. മാതാവിനെ പരിചരിക്കാൻ അടുത്തിടെയാണ് സഹോദരി എത്തിയത്. ഇന്നലെ രാവിലെ പത്തുമണിയായിട്ടും ഇവരെ താഴേക്ക് കാണാത്തതോടെ സഹോദരി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. അയൽവാസികളെ കൂട്ടി വാതിൽപൊളിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞ ഏതാനും വർഷമായി വീട്ടിലിരുന്നാണ് ആസിഫ് ജോലി ചെയ്തിരുന്നത്. എറണാകുളം കാക്കനാട് സ്വദേശിയാണ് അബീറ. മാളയിലെ രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിലെ എട്ട്, മൂന്ന് ക്‌ളാസ് വിദ്യാർത്ഥികളാണ് പെൺകുട്ടികൾ. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാ​ർ​ബ​ൺ​ ​മോ​ണോ​ക്‌​സൈ​ഡ് ​ ഉണ്ടാക്കിയത് രാ​സ​വ​സ്തു​ക്ക​ൾ​ ​ക​ത്തി​ച്ച്

കാർബൺ മോണോക്‌സൈഡ് വാതകമാണ് മുറിയിൽ നിറഞ്ഞതെന്ന് കരുതുന്നു. ഒരു പാത്രത്തിൽ രാസവസ്തുക്കൾ കലർത്തി കത്തിച്ച് വിഷവാതകം ഉണ്ടാക്കുകയായിരുന്നു എന്നാണ് നിഗമനം. ഇതിനുപയോഗിച്ചതെന്ന് കരുതുന്ന പാത്രവും രാസവസ്തുക്കളുടെ അവശിഷ്ടവും കണ്ടെത്തി. ഇവ എന്താണെന്ന് പൊലീസ് പരിശോധിച്ച് വരുന്നു. മുറിയിലെ പാത്രം എടുക്കുമ്പോൾ സൂക്ഷിക്കണമെന്നും അതിൽ വിഷദ്രാവകമുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. രാസവസ്തുക്കൾ വാങ്ങിയത് ഓൺലൈൻ വഴിയാണോയെന്ന് സംശയമുണ്ട്. വിഷവാതകം സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നു.