
തൃശൂർ:മണമോ നിറമോ ഇല്ലാത്ത വാതകമായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ ശരീരത്തിലെ അവയവങ്ങളിലേക്കുള്ള ഓക്‌സിജൻ തടസപ്പെടും. ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് വീഴും.
കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിൽ കലർന്നാൽ തിരിച്ചറിയാനാവില്ല. അടച്ചിട്ട മുറിയിൽ വാതകം നിറഞ്ഞാൽ മരണം പെട്ടെന്ന് സംഭവിക്കും.
കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം ജീവനൊടുക്കാൻ തിരഞ്ഞെടുത്തത് നിശബ്ദ കൊലയാളിയായ ഈ വാതകമാണ്.പുറത്തുനിന്നുള്ള വായു മുറിയിലേക്ക് കയറാതിരിക്കാൻ വാതിലിന്റെയും ജനലുകളുടെയും പഴുതുകളിൽ പ്‌ളാസ്റ്റർ ഒട്ടിച്ചിരുന്നു.
രണ്ട് വർഷം മുൻപ് നേപ്പാളിലെ റിസോർട്ടിൽ തിരുവനന്തപുരം സ്വദേശികളായ എട്ടു പേരുടെ മരണത്തിന് കാരണമായതും കാർബൺ മോണോക്സൈഡാണ്. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് വാതകം മുറിയിൽ നിറഞ്ഞാണ് ദുരന്തം ഉണ്ടായത്.
കാർബൺ മോണോക്‌സൈഡ് ശരീരത്തിൽ എത്തിയാൽ ഓക്‌സിജൻ ലഭിക്കാതെ കോശങ്ങൾ നശിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഓക്‌സിജൻ ശരീരത്തിൽ വ്യാപിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനൊപ്പമാണ്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ അത് ഹീമോഗ്ലോബിനൊപ്പം ചേർന്ന് ഓക്സിജൻ ഇല്ലാതാക്കും.
മരണം പെട്ടെന്ന്
കുറഞ്ഞ അളവിലാണ് ശരീരത്തിൽ കാർബൺ മോണോക്‌സൈഡ് എത്തുന്നതെങ്കിൽ ലക്ഷണം പ്രകടമാകാൻ സമയമെടുക്കും. കൂടിയ തോതിൽ എത്തിയാൽ പെട്ടെന്ന് ബോധക്ഷയമുണ്ടാകും. മരണവും പെട്ടെന്നാകും. അബദ്ധത്തിൽ വാതകം ശ്വസിച്ചാൽ ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റണം. പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം. പ്രായമായവരിലും കുട്ടികളിലും കുറഞ്ഞ അളവിൽ വാതകം ചെന്നാൽ തന്നെ മരണത്തിന് കാരണമാകും.
ചെറിയ അളവിൽ: തലചുറ്റൽ, തലവേദന, ഓർമ്മക്കുറവ്. ക്ഷീണം
കൂടുതൽ ശ്വസിച്ചാൽ: ശക്തമായ ശ്വാസം മുട്ടൽ, കിതപ്പ്, ഹൃദയവും തലച്ചോറും സ്തംഭിക്കും
കാർബൺ മോണോക്‌സൈഡ് വിഷവാതകമാണ് . അന്തരീക്ഷത്തിൽ ചെറിയ അളവിലുണ്ട്. ചില കിണറുകളിൽ പോലുമുണ്ടാകാം. വാഹനങ്ങളുടെ എൻജിൻ, ഹീറ്റർ, ഗ്യാസ് സ്റ്റൗവ് എന്നിവയിൽ നിന്നും മരം കത്തുമ്പോഴുമെല്ലാം പുറത്തുവരും. വലിയ അളവിൽ രക്തത്തിൽ കലരുമ്പോൾ ഹീമോഗ്‌ളോബിനുമായി ചേർന്ന് കാർബോക്‌സി ഹീമോഗ്‌ളോബിൻ ഉണ്ടാകും.ഓക്സിജൻ കിട്ടാതെ ഹൃദയവും തലച്ചോറും സ്തംഭിക്കും മരണവും സംഭവിക്കും. അബദ്ധത്തിൽ ശ്വസിച്ചാൽ ഓക്‌സിജൻ നൽകിയാണ് ജീവൻ രക്ഷിക്കുന്നത്.
ഡോ.പി.സജീവ് കുമാർ
പൾമനറി മെഡിസിൻ കൺസൾട്ടന്റ്,
ജില്ലാ ടി.ബി സെന്റർ , തൃശൂർ