
ചേർപ്പ്: മാർച്ച് അഞ്ചിന് ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിൽ തന്ത്രിമാരുടെ കാർമികത്വത്തിൽ ആരംഭിക്കുന്ന ശുദ്ധികലശത്തോടെ പെരുവനം - ആറാട്ടുപുഴ പൂര ചടങ്ങുകൾക്ക് ആരംഭിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒമ്പതിന് നടക്കുന്ന രോഹിണി വിളക്കിന് ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളവും ചെറുശ്ശേരി ശ്രീകുമാർ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറും. ചടങ്ങിൽ കുറുംകുഴൽ വാദ്യ കലാകാരൻ മുളങ്കുന്നത്തുകാവ് അനുകുമാറിന് വലയാധീശ്വരി പുരസ്കാരം നൽകും. മാർച്ച് പത്തിനാണ് മകീര്യം പുറപ്പാട്. പെരുവനം പൂരം 13നും , ആറാട്ടുപുഴ പൂരം 16നുമാണ് ആഘോഷിക്കുക. വാർത്താ സമ്മേളനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ കെ.സുനിൽ കർത്ത, ഊരകം ദേവസ്വം ഓഫീസർ യു.അനിൽകുമാർ, കെ.രാമകൃഷ്ണൻ, എം.ജി.നാരായണൻ എന്നിവർ പങ്കെടുത്തു.
സർഫാസി : കർഷകരുടെ ഭീതിയകറ്റണമെന്ന് എം.പി
തൃശൂർ: സർഫാസി ആക്ട് പ്രകാരം സംസ്ഥാനത്ത് കർഷകരെ കടക്കെണിയിലാക്കി ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്നും ബാങ്കുകൾ പിന്മാറണമെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. ജപ്തി ഭീതിയിൽ നാളുകളെണ്ണി നീക്കുന്ന കർഷകരെ സംരക്ഷിക്കാൻ സർഫാസി നിയമം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിസാൻ ജനത സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ഭാരവാഹികളായ സലീം മടവൂർ, ഷബീർ മാറ്റപ്പള്ളി, തൃശൂർ ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി, നേതാക്കളായ എൻ.ഒ ദേവസ്യ, മോഹൻ സി.അറവന്തറ, പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, റഹീം വീട്ടിപ്പറമ്പിൽ, ശാരദാ മണിയൻ തുടങ്ങിയവർ സംസാരിച്ചു. നെല്ലിന്റെ സംഭരണവില അടിയന്തരമായി 32 രൂപയാക്കണമെന്നും കൃഷിഭവനുകൾ മുഖേന കിലോക്ക് 40 രൂപാ നിരക്കിൽ പച്ചത്തേങ്ങ സംഭരണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു..