cheri
ചേർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം ഉച്ചയ്ക്ക് ശേഷം ഒഴിഞ്ഞ നിലയിൽ.

ചേർപ്പ്: ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് രണ്ടിന് ശേഷം ചികിത്സ തേടിയെത്തിയാൽ തിരികെ പോകേണ്ടി വരും. ഡോക്ടർ പോയിട്ട് അറ്റൻഡർ പോലുമുണ്ടാകില്ല ആശുപത്രിയിൽ. ഉദ്യോഗസ്ഥർ ആശുപത്രിക്ക് താഴിട്ട് സ്ഥലം കാലിയാക്കും. കാലങ്ങളായി ആശുപത്രിയുടെ അവസ്ഥ ഇതാണ്. തന്മൂലം വെട്ടിലാകുന്നത് സാധാരണക്കാരായ ജനങ്ങളും...

ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാരും രോഗികളും പറയുന്നു. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ അതും മുടങ്ങിയിരിക്കുകയാണ്. ചികിത്സ തേടി വരുന്ന രോഗികൾ മറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ട ഗതികേടിലാണ്. ഇത് സാധാരണക്കാരായ ജനങ്ങളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നുണ്ട്.

കരുവന്നൂർ, ആറാട്ടുപുഴ, എട്ടുമുന, ചേർപ്പ്, പെരുമ്പിള്ളിശ്ശേരി, ഊരകം എന്നിവിടങ്ങളിൽ നിന്നായി നൂറുകണക്കിന് പേരാണ് ദിനംപ്രതി ആശുപത്രിയിൽ ചികിത്സയ്ക്കായെത്തുന്നത്. രോഗികളുടെ അനുപാതമനുസരിച്ച് എട്ട് ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ അഞ്ച് പേർ മാത്രമാണുള്ളത്. അതിൽ ഒരാൾ കഴിഞ്ഞ ദിവസം മുതൽ താത്കാലിക ഡ്യൂട്ടിക്കായി മറ്റൊരിടത്തേക്ക് പോകുകയും ചെയ്തു. ഒരു കാലത്ത് ഗൈനക്കോളജി വിഭാഗത്തിലെ ചികിത്സയ്ക്ക് പേരുകേട്ട ആശുപത്രിയിൽ ഇപ്പോൾ ഒരു ഗൈനക്കോളജിസ്റ്റ് പോലുമില്ലാത്ത അവസ്ഥയാണ്.

കാലങ്ങളായുള്ള ആശുപത്രിയുടെ ഈ സ്ഥിതിക്ക് ഇപ്പോഴും മാറ്റമില്ല. ആശുപത്രിയുടെ പുരോഗതിക്കായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നും യാതൊരു ശ്രമങ്ങളും നടക്കുന്നില്ല.

ഇ.വി. ഉണ്ണിക്കൃഷ്ണൻ, ശ്രുതി ശ്രീങ്കർ, പഞ്ചായത്ത് അംഗങ്ങൾ

ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ ഡോക്ടർമാരുടെ പരിശോധന ഉണ്ടാകാറില്ല. രാത്രിയിലാണ് ഒ.പി നടക്കാറുള്ളത്. ചില ഡോക്ടർമാർക്ക് കൊവിഡ് ബാധിച്ചതിനിലാണ് പരിശോധന പ്രവർത്തനരഹിതമായത്. ഇതിനെതിരെ നടപടി സ്വീകരിക്കും.

എ.കെ. രാധാകൃഷ്ണൻ മാസ്റ്റർ

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്