വടക്കാഞ്ചേരി: ചരിത്രപ്രസിദ്ധമായ മച്ചാട് മാമാങ്കത്തിനായി തട്ടകം ഒരുങ്ങി. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാമാങ്കത്തിന് ചടങ്ങുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വർഷം സർക്കാർ നൽകിയ ഇളവുകളുടെ അടിസ്ഥാനത്തിൽ മാമാങ്കം കൊഴുപ്പിക്കാനാണ് തട്ടകവാസികളുടെ തീരുമാനം.
ഉച്ചയാകുന്നതോടെ ആരവംമുഴക്കി കുതിരകൾ കാവിലെത്തും. ആദ്യം ക്ഷേത്രംവക കുതിര സ്ഥാനംപിടിക്കും. തൊട്ടുപിന്നാലെ മംഗലം അയ്യപ്പൻകാവിലെ വെളുത്തകുതിര കാവിലെത്തും. പാർളിക്കാട് ദേശം കുതിരയുമായി ക്ഷേത്രത്തിലെത്തിയശേഷം വീണ കണ്ടത്തിൽ നിലയുറപ്പിക്കും. കരുമത്ര ദേശം ആചാരവെടികൾ മുഴക്കി കരുമത്രയിൽ നിന്നും പുഞ്ചപ്പാടത്തിലൂടെ കാവിലെത്തും.
കുംഭക്കുടവും നാദസ്വരവുമായി കുതിരകളുമായി മണലിത്തറ, വിരുപ്പാക്ക ദേശം കാവിലെത്തും. എല്ലാ കുതിരകളും ക്ഷേത്രത്തിനടുത്തുള്ള വീണ കണ്ടത്തിൽ സംഗമിച്ച ശേഷം പഞ്ചവാദ്യം അരങ്ങേറും. തുടർന്ന് മേളം കൊട്ടിത്തീർത്തശേഷം . പൊയ്ക്കുതിരകൾ ആടിത്തിമർക്കും. ഓരോ വിഭാഗക്കാരും കുതിരകളെ കളിപ്പിച്ചശേഷം പട്ടികജാതിക്കാരുടെ വേലവരവും, കാവ് ചുറ്റലും ഉണ്ടാവും.
പൂതൻ, തിറ, നാടൻ കലാരൂപങ്ങൾ എന്നിവ കാവുപ്രദക്ഷിണം വയ്ക്കും. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, നാദസ്വരം, തായമ്പക എന്നിവയുണ്ടാകും. പുന്നംപറമ്പ് ദേശക്കാരാണ് ഈ വർഷത്തെ മാമാങ്കത്തിന്റെ ചുമതലക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മാമാങ്കം ആഘോഷിക്കുക.