
തൃശൂർ : ''പണ്ട് തൃശൂര് മേയറായിരുന്നതിനേക്കാൾ ചുറുചുറുക്കുണ്ട് ഇപ്പോ മന്ത്രിയായപ്പോ.. ആ ചുറുചുറുക്കോടെ ഞങ്ങൾക്ക് ആശുപത്രിയിൽ പോകാൻ ആംബുലൻസും ആവശ്യമായ ജീവനക്കാരേയും അനുവദിക്കില്ലേ'. രാമവർമ്മപുരം ഗവ വൃദ്ധസദനത്തിലെത്തിയ മന്ത്രി ഡോ. ആർ.ബിന്ദുവിനോടുള്ള അന്തേവാസി ജോസേട്ടന്റെ ചോദ്യം ആദ്യമൊരു ചെറു ചിരി പടർത്തി; പിന്നീട് ഗൗരവം പൂണ്ട്, ആവശ്യമായ നടപടികൾ സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ ജോസേട്ടനും ആശ്വാസം.
സാമൂഹ്യനീതി ദിനത്തിൽ രാമവർമ്മപുരത്തെ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സ്‌നേഹസാന്ത്വനവുമായാണ് സാമൂഹ്യനീതി വകുപ്പ് മന്ത്രിയെത്തിയത്. അമ്മമാർ പൂക്കൾ നൽകി വരവേറ്റു. വൃദ്ധസദനം മുഴുവൻ ചുറ്റിക്കണ്ട് മന്ത്രി ആർ.ബിന്ദു വിവരങ്ങൾ ആരാഞ്ഞു. പിന്നെ, അന്തേവാസികൾ ഓരോരുത്തരോടായി കുശലാന്വേഷണം. ചോദ്യങ്ങളും മറുചോദ്യങ്ങളും മറുപടികളുമായി അവരോടൊപ്പം ഏറെ നേരം ചെലവിട്ടു.
2019ൽ വിവാഹിതരായ അന്തേവാസികളായ കൊച്ചനിയൻ മേനോന്റെയും പി.വി.ലക്ഷ്മി അമ്മാളുടെയും പ്രണയ ഓർമകൾ പങ്കുവച്ചത് കൂടിനിന്നവരിൽ ചിരി പടർത്തി. വൃദ്ധസദനത്തിന് ചുറ്റും വെറുതെ കിടക്കുന്ന ഭൂമി മണ്ണിട്ട് ചെടി നടുന്നതിനും, കൃഷി ചെയ്യാനുമായി സൗകര്യം ഒരുക്കി നൽകണമെന്നായിരുന്നു വത്സമ്മയുടെ ആഗ്രഹം. അതിനു വേണ്ട സൗകര്യം എത്രയും വേഗം ഒരുക്കണമെന്ന് മന്ത്രി കൈയോടെ സൂപ്രണ്ടിന് നിർദേശവും നൽകി. അമ്മമാരുടെ പാട്ടും കഥകളും കേട്ട് അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
വയോജന പാർക്കും ക്ലബ്ബും എല്ലാ ജില്ലകളിലും
തൃശൂർ : വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാൻ എല്ലാ ജില്ലകളിലും വയോജന പാർക്കും വയോജന ക്ലബ്ബുകളും സ്ഥാപിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. വയോജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ കൗൺസലിംഗിലൂടെയും കൂടിയാലോചനകളിലൂടെയും മറ്റും മനസ്സിലാക്കി അതിനനുസരിച്ച് പരിഹാര മാർഗം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൃദ്ധസദനം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.എച്ച്.അസ്ഗർ ഷാ, വൃദ്ധസദനം സൂപ്രണ്ട് കെ.ആർ.പ്രദീപൻ, മെയിന്റൻസ് ആൻഡ് ട്രൈബ്യുണൽ ടെക്‌നിക്കൽ അസിസ്റ്റ്മാരായ ബിനി സെബാസ്റ്റിയൻ, മാർഷൽ വി.രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.