
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച നാലുകാതൻ വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിച്ചു. ഞായറാഴ്ച രാവിലെ ശീവേലിക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജകൾക്ക് ശേഷമായിരുന്നു സമർപ്പണം.
ക്ഷേത്രം കൂത്തമ്പലത്തിന് മുന്നിൽ സ്ഥാപിച്ച വാർപ്പിലേക്ക് കദളിക്കുലയും നെയ്യും സമർപ്പിച്ചായിരുന്നു സമർപ്പണം. പാലക്കാട് സ്വദേശി കൊടൽവള്ളിമന കെ.കെ.പരമേശ്വരൻ നമ്പൂതിരിയാണ് ഏകദേശം 2000 കിലോ തൂക്കമുള്ള നാലുകാതൻ വാർപ്പ് വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിച്ചത്.
ശനിയാഴ്ച രാവിലെ ഗുരുവായൂരിലെത്തിച്ച വാർപ്പ് ക്രെയിനിന്റെ സഹായത്തോടെ തെക്കേനടയിലൂടെ കൊണ്ടുവന്ന് ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് കടത്തി കൂത്തമ്പലത്തിന് മുന്നിൽ സ്ഥാപിച്ചിരുന്നു. ഉത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്ന് ഇതിൽ പായസം തയ്യാറാക്കും. പതിനേഴര അടി വ്യാസമുള്ള പാത്രത്തിന് ആയിരം ലിറ്റർ പായസം തയ്യാറാക്കാനുള്ള ശേഷിയുണ്ട്. ശുദ്ധവെങ്കലത്തിലാണ് നിർമ്മാണം. ഇന്നലെ രാവിലെ ശീവേലിക്ക് ശേഷം നടന്ന സമർപ്പണ ചടങ്ങിൽ വഴിപാടുകാരനായ കെ.കെ.പരമേശ്വരൻ നമ്പൂതിരി കുടുംബസമേതം പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണൻ , അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.