ചാവക്കാട്: നഗരത്തിലെ പഴയ രണ്ടുനില നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറിയ സുഹൃത്തുക്കളായ യുവാവും യുവതിയും പൊലീസിനെയും നാട്ടുകാരേയും ഭയന്ന് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയതിനെത്തുടർന്ന് പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് താമസിക്കുന്ന യുവതി,​ യുവാക്കൾക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.

രാവിലെ കെട്ടിടത്തിന് മുകളിലേക്ക് കയറിയ ഇരുവരും താഴേക്ക് എത്തിയപ്പോൾ ചിലർ താഴിട്ട് പൂട്ടിയതായി പറയുന്നു. ഇതിനിടെ, കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിന്റെ ഉടമ കെട്ടിടത്തിനുള്ളിൽ കള്ളന്മാരുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞു. നാട്ടുകാരും ഇതിനിടെ സ്ഥലത്തു തടിച്ചുകൂടി. പുറത്തേക്ക് പോകാനുള്ള വഴിയടഞ്ഞതോടെ പൊലീസ് എത്തുമെന്ന് ഭയന്ന് കെട്ടിടത്തിന് മുകളിൽനിന്ന് തൊട്ടടുത്തുള്ള കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ കെട്ടിടത്തിന് മുകളിലേക്ക് ഇരുവരും ചാടുകയായിരുന്നു. ഞായറാഴ്ച ആയതിനാൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.

ഹോട്ടലിന് സമീപത്തെ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾ ശബ്ദം കേട്ട് മറ്റൊരു കെട്ടിടത്തിന് മുകളിൽ കയറി നോക്കിയപ്പോൾ ഇരുവരും പരിക്കേറ്റ് കിടക്കുന്നത് കണ്ടു. തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ ഇരുവരെയും താഴെയിറക്കി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് എൻ.കെ.അക്ബർ എം.എൽ.എ നേതൃത്വം നൽകി. നട്ടെല്ലിനും കാലിനും പൊട്ടലുള്ളതിനാൽ യുവതിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ കാലിന്റെ ഉപ്പൂറ്റിക്കാണ് പരിക്ക്. ഇരുവരുടെയും സൗഹൃദം പുറത്ത് അറിയാതിരിക്കാനായാണ് പൊലീസും നാട്ടുകാരും എത്തുന്നതിന് മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.