trauma

തൃശൂർ : ആയിരക്കണക്കിന് സാധാരണക്കാർ ചികിത്സ തേടിയെത്തുന്ന മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി നടത്തിയ മിന്നൽ സന്ദർശനത്തിനിടെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ കടമ്പകളേറെ.
2015 ൽ ഏഴ് കോടി മുടക്കി തുടങ്ങിയ ട്രോമകെയർ പദ്ധതി പൂർത്തിയാകാനുള്ളത് പത്ത് ശതമാനം മാത്രമാണ്.
കരാറുകാരും മെഡിക്കൽ കോളേജ് അധികൃതരും തമ്മിലുള്ള തർക്കത്തെ തുടർന്ന് വർഷങ്ങളാണ് നഷ്ടപ്പെട്ടത്. നിരന്തരമായ ശ്രദ്ധയുണ്ടായില്ലെങ്കിൽ ഇനിയും പണി നീളുമെന്നാണ് ആശുപത്രിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ കോടതി നടപടികൾ അവസാനിച്ച് നിർമ്മാണം ആരംഭിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും വർഷങ്ങൾക്ക് മുമ്പ് അടച്ച വാതിൽ ഇതുവരെയും തുറന്നിട്ടില്ല. നാലു വർഷത്തിലധികമായി ഒരേ നിലയിലാണ് പ്രവൃത്തി.

ട്രോമകെയർ സംവിധാനം നിലവിൽ വന്നാൽ ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസകരമാണ്. ട്രോമകെയർ സംവിധാനം വന്നാൽ ശസ്ത്രക്രിയ നടത്താൻ വാർഡുകളിൽ കാത്തുകെട്ടി കിടക്കുന്നത് ഒഴിവാക്കാം. ട്രയാജ് സംവിധാനവും ഉടൻ പ്രാവർത്തികമാകുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തിയിരുന്നു. ഒ.പി.സമയം കഴിഞ്ഞതിന് ശേഷം മന്ത്രിയെത്തിയതിനാലാണ് പരാതികളുടെ എണ്ണം കുറഞ്ഞതെന്നും പറയുന്നു. എന്നിട്ടും വാർഡുകളിൽ എത്തിയ മന്ത്രിക്ക് മുന്നിൽ നിരവധി പേരാണ് ദയനീയ സ്ഥിതി ബോദ്ധ്യപ്പെടുത്തിയത്.


മൂട്ടയും പാറ്റയും നിറഞ്ഞ് കുട്ടികളുടെ വാർഡ്

കൊവിഡ് രോഗികളായ ആയിരത്തിലേറെ ഗർഭിണികൾക്ക് പ്രസവ സുരക്ഷയൊരുക്കി ഡോക്ടർമാരും ജീവനക്കാരും നടത്തിയ സുസ്ത്യർഹമായ പ്രവർത്തനം നിലനിൽക്കുമ്പോഴും നവജാത ശിശുക്കളെ പ്രവേശിപ്പിക്കുന്ന വാർഡിന്റെ സ്ഥിതി ദയനീയമാണ്. മൂട്ടയും കൊതുകും നിറഞ്ഞ് കുട്ടികളെ കട്ടിലിൽ കിടത്താൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും നടപടിയുണ്ടായിട്ടില്ല.

അമ്മമാർ കുട്ടികളെ കൊതുകു വലകൾക്ക് ഉള്ളിലാണ് കിടത്തുന്നതെങ്കിലും കിടക്കകൾക്ക് ഉള്ളിൽ നിന്ന് പുറത്തേക്ക് വരുന്ന മൂട്ടകളുടെ ശല്യം ഏറെ ദുരിതമാണുണ്ടാക്കുന്നത്. ഫാനുകൾ പലതും പ്രവർത്തനക്ഷമമല്ല. മരുന്നുപയോഗിച്ച് കിടക്കകളിലെ മൂട്ടയെ നശിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. അത് അടുത്ത ദിവസം തന്നെ നടത്തുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.


പ്രതീക്ഷിക്കുന്ന പ്രവർത്തനം

എമർജൻസി മെഡിസിൻ ആരംഭിക്കാനുള്ള നടപടി
കിഫ്ബി ഫണ്ടുപയോഗിച്ച് ഒരുമാസത്തിനുള്ളിൽ ഒരു പീഡിയാട്രിക് ഐ.സി.യുവിന്റെ നിർമ്മാണം
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണം
മെഡിക്കൽ കോളേജിന് സ്വന്തമായൊരു എം.ആർ.ഐ മെഷീൻ
ഒഴിവുള്ള മെഡിസിൻ വിഭാഗം പ്രൊഫസർ തസ്തിക