 
മുള്ളൂർക്കര: വനം വന്യജീവി വകുപ്പ് തൃശൂർ ഡിവിഷൻ മച്ചാട് റേഞ്ച് വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെയും ബയോനാച്വറൽ ക്ലബ്ബിന്റെയും തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തിൽ ജലസംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജലാശയശുചീകരണവും ജൈവ തടയണയുടെ നിർമ്മാണവും കാട്ടുതീ തടയുന്നതിനുള്ള ബോധവത്കരണ സൈക്കിൾ റാലിയും ആറ്റൂർ അസുരൻകുണ്ട് ഡാമിൽ നടന്നു.
സൈക്കിൾ റാലിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.വി. നഫീസയും ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്തും നിർവഹിച്ചു. വാഴാനി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ആർ. ഷാജീവ് കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർമാരായ എം.എ. നസീബ, അനില വിജീഷ്, പഞ്ചായത്ത് മെമ്പർമാരായ ശശീകല സുബ്രഹ്മണ്യൻ, സന്തോഷ്, പി.ജി. ഘനശ്രീ, ഷിജി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. നെഹ്റു യുവകേന്ദ്ര യൂത്ത് വളണ്ടിയർ എം.എസ്. അശ്വതി ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ അവാർഡ് നേടിയ വി. ശ്രീദേവി, വി.എൻ. മുനിർ എന്നിവരെ ആദരിച്ചു. ബയോനാച്വറൽ ക്ലബ് പ്രസിഡന്റ് ഡോ. കെ.എം. അബ്ദുൾ സലാം സ്വാഗതവും നെഹ്റു യുവകേന്ദ്ര യൂത്ത് വളണ്ടിയർ നിഷ ഉണ്ണി നന്ദിയും പറഞ്ഞു.