കൊടുങ്ങലൂർ: ജോലി ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും എറിയാട് പഞ്ചായത്തിലെ പട്ടികജാതിയിൽപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ടില്ലെന്ന് പരാതി. ഒന്നിച്ച് ജോലി ചെയ്തവരിൽ പട്ടികജാതിക്കാരായ തൊഴിലാളികൾക്ക് മാത്രമാണ് കൂലി ലഭിക്കാത്തതെന്ന് എറിയാട് പഞ്ചായത്ത് കോൺഗ്രസ് അംഗങ്ങളുടെ യോഗം കുറ്റപ്പെടുത്തി.

കോൺഗ്രസ് ഭരിക്കുമ്പോൾ ഒരു വേർതിരിവും ഇല്ലാതെ എല്ലാവർക്കും കൃത്യമായി വേതനം ലഭിച്ചിരുന്നതാണ്. ജോലി ചെയ്ത പട്ടികജാതിയിൽപ്പെട്ടവർക്ക് എത്രയും പെട്ടന്ന് വേതനം ലഭിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണെമെന്നും, വേർതിരിവ് ഇല്ലാതെ എല്ലാവർക്കും വേതനം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ പി.കെ. മുഹമ്മദ്, പി.എച്ച്. നാസർ, കെ.എസ്. രാജീവൻ, കെ.എം. സാദത്ത്, ലൈല സേവിയർ, നജ്മ അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.