socialist

തൃശൂർ: സർഫാസി ആക്ട് പ്രകാരം സംസ്ഥാനത്ത് കർഷകരെ കടക്കെണിയിലാക്കി ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്നും ബാങ്കുകൾ പിന്മാറണമെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. ജപ്തി ഭീതിയിൽ നാളുകളെണ്ണി നീക്കുന്ന കർഷകരെ സംരക്ഷിക്കാൻ സർഫാസി നിയമം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിസാൻ ജനത സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ഭാരവാഹികളായ സലീം മടവൂർ, ഷബീർ മാറ്റപ്പള്ളി, തൃശൂർ ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി, നേതാക്കളായ എൻ.ഒ ദേവസ്യ, മോഹൻ സി.അറവന്തറ, പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, റഹീം വീട്ടിപ്പറമ്പിൽ, ശാരദാ മണിയൻ തുടങ്ങിയവർ സംസാരിച്ചു. നെല്ലിന്റെ സംഭരണവില അടിയന്തരമായി 32 രൂപയാക്കണമെന്നും കൃഷിഭവനുകൾ മുഖേന കിലോക്ക് 40 രൂപാ നിരക്കിൽ പച്ചത്തേങ്ങ സംഭരണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു..