
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി ഉത്സവം എട്ടാം ദിനമായ തിങ്കളാഴ്ച നടക്കും. രാവിലെ പന്തീരടിപൂജയ്ക്ക് ശേഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഗുരുവായൂരപ്പന്റെ ഭൂതഗണങ്ങളെ മുഴുവൻ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തി ബലികൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ചടങ്ങ്. മുപ്പത്തിമുക്കോടി ദേവന്മാരും ഭഗവത്ദർശനത്തിന് ഉത്സവബലി സമയത്തെത്തുമെന്നാണ് സങ്കൽപ്പം. ഇതുകൊണ്ട് അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. ഗുരുവായൂരപ്പനെ സാക്ഷി നിറുത്തിയാണ് ബലിതൂവൽ ചടങ്ങ്. നാലമ്പലത്തിനകത്ത് തെക്കേമുറ്റത്ത് ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തിയ ശേഷം സപ്തമാതൃക്കൾക്ക് ബലി തൂവും. തുടർന്ന് കൊടിമരത്തിൽ സാന്നിദ്ധ്യമുള്ള ഗരുഡസ്വരൂപിയായ വൈനതേയനും, വലിയ ബലിക്കല്ലിൽ സാന്നിദ്ധ്യമുള്ള പന്ത്രണ്ട് ദേവതകൾക്കുള്ള പൂജകളും നടക്കും. ക്ഷേത്രപാലകനുള്ള പൂജയോടെയാണ് ഉത്സവബലി ചടങ്ങുകളുടെ സമാപനം. ക്ഷേത്രത്തിൽ ചൊവ്വാഴ്ച പള്ളിവേട്ട ചടങ്ങുകൾ നടക്കും.
386 പേർക്ക് കൊവിഡ്,
1,169 പേർ രോഗമുക്തർ
തൃശൂർ : ജില്ലയിൽ 386 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 229 പേരും വീട്ടു നിരീക്ഷണത്തിലുള്ള 5,498 പേരും ചേർന്ന് 6,113 പേരാണ് ആകെ രോഗബാധിതരായത്. 1,169 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,64,103 ആണ്. 6,53,336 പേരാണ് ആകെ രോഗമുക്തരായത്. ഞായറാഴ്ച സമ്പർക്കം വഴി 380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന രണ്ട് പേർക്കും, ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധയുണ്ടായി. നിലവിൽ 10 ക്ലസ്റ്ററുകളാണുള്ളത്.