കുന്നംകുളം: ചാലിശ്ശേരി പഞ്ചായത്ത് ഒൻപതാം വാർഡിലെ തിരുത്തുമ്മൽ കോളനിയിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ചോളം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനുള്ള ഏകവഴിയായ നടവരമ്പ് സ്വകാര്യവ്യക്തി അനധികൃതമായി പൊളിച്ച് മാറ്റിയത് വിവാദമാകുന്നു. പ്രധാനപാതയിൽ നിന്ന് കോളനിയിലേയ്ക്കുള്ള നിലവിലെ റോഡിന്റെ പണി പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. അതിനിടയിലാണ് ആകെയുള്ള വഴിയും അടഞ്ഞത്. അതിനിടെയാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി കോളനിയിലേക്കും സമീപത്തുള്ള വിവിധ പറമ്പിലേക്കുമുള്ള മൂന്നടി വീതിയിലുള്ള നടവരമ്പ് പൊളിച്ച് നീക്കിയത്. അഞ്ചര അടി വീതിയിലുള്ള സ്ഥലം വിട്ടു നൽകിയാണ് യഥാർത്ഥ ഭൂവുടമ ഇപ്പോൾ ഈ പ്രവൃത്തി ചെയ്ത വ്യക്തിക്ക് ഭൂമി വിൽപ്പന നടത്തിയതെന്നാണ് രേഖകളിൽ കാണുന്നത്. കൈയ്യേറ്റവുമായി ബന്ധപ്പെട്ട് വില്ലേജിൽ പരാതി നൽകിയിരുന്നു. അധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കുറ്റി അടിച്ചെങ്കിലും അത് ഇവർ എടുത്തുമാറ്റി. വരമ്പ് പെളിച്ച് നീക്കുന്നതിനെതിരെ പഞ്ചായത്തിലും പൊലീസിലും ഇവർ പരാതി നൽകി. പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് പട്ടാമ്പി താലൂക്ക് സർവെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാനാണ് തീരുമാനം. കൈയ്യേറ്റം സംബന്ധിച്ച് പ്രദേശവാസികൾ പട്ടികജാതി വിഭാഗം വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

മഴക്കാലത്ത് റോഡിലേക്കെത്താൻ നീന്തേണ്ട അവസ്ഥ
മഴക്കാലമായാൽ കോളനിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ചേറിലും വെള്ളത്തിലും നീന്തി വേണം റോഡിലേയ്ക്ക് എത്തുവാൻ. കഴിഞ്ഞ മഴക്കാലത്ത് കോളനി നിവാസിയായ വൃദ്ധയെ കൊവിഡായതോടെ സന്നദ്ധ പ്രവർത്തകർ തോളിലേറ്റി വാഹനത്തിലേയ്ക്ക് എത്തിച്ചത് ഏറെ ചർച്ചയായിരുന്നു. കോളനി നിവാസികളുടെ ദുരിതത്തിന് പരിഹാരമായി ഇതുവരെ ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.