
കൊടുങ്ങല്ലൂർ: കുടുംബത്തിലെ കുട്ടികളടക്കം നാലുപേർ മരിച്ചതിൽ നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും പ്രദേശവാസികളും. ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ ആസിഫ് (41), ഭാര്യ അബീറ (34) എന്നിവരെയും രണ്ട് മക്കളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വളരെ സൗമ്യനും, ശാന്ത സ്വഭാവക്കാരനുമായിരുന്നു ആസിഫ്.
ഇവരുടെ മരണം കുടുംബാംഗങ്ങൾക്കും, ബന്ധുക്കൾക്കും പരിചയക്കാർക്കും വിശ്വസിക്കാനാകുന്നില്ല. സാമ്പത്തിക പ്രതിസന്ധി സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കോടിയിലേറെ രൂപ മുടക്കി നിർമ്മിച്ച വീടിന്റെ വായ്പ വീട്ടാൻ കഴിയാതെ വന്നതോടെ ജപ്തി നോട്ടീസ് വന്നിരുന്നു.
ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് കരുതുന്നത്. ഉമ്മയോടൊപ്പമാണ് ആഷിഫ് അവിടെ താമസിക്കുന്നത്. താഴത്തെ നിലയിൽ കഴിയുന്ന ഡയാലിസിസ് പേഷ്യന്റായ ഉമ്മയെ പരിചരിക്കാൻ സഹോദരിയും അവിടെയുണ്ടായിരുന്നു. ആസിഫും, ഭാര്യയും മക്കളും മുകൾ നിലയിലാണ് താമസം.
രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹോദരിയും മറ്റും മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഒടുവിൽ അയൽക്കാരെ വിളിച്ച് മുകൾ നിലയിൽ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്
സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തതായി തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ പറയുന്ന കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടെങ്കിൽ ശാസ്ത്രീയ വിശകലം നടത്തി വിശദമായി അന്വേഷിക്കുമെന്നും എസ്.പി പറഞ്ഞു.