 
കുന്നംകുളം: പൂരപ്രേമികൾക്ക് ആവേശം തീർത്ത് പഴഞ്ഞി ചിറവരമ്പത്തുകാവ് പൂരാഘോഷം. 15 ആനകളുടെ കൂട്ടിയെഴുന്നള്ളിപ്പും നാദവിസ്മയം തീർത്ത പാണ്ടിമേളവും നാടൻ കലാരൂപങ്ങളുടെ വർണചാരുതയും സമന്വയിച്ച് ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം അവിസ്മരണീയമായി.
കൊവിഡ് മാനദണ്ഡങ്ങൾക്ക് ഇളവ് ലഭിച്ചതിന് ശേഷമുള്ള പഴഞ്ഞി മേഖലയിലെ ആദ്യ പൂരത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിൽ 15 ആനകൾ പങ്കെടുത്തു. 43 പ്രാദേശിക കമ്മിറ്റികളിൽ നിന്നുള്ള വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിൽ രാവിലെ വിശേഷാൽപൂജകളോടെയാണ് പൂരാഘോഷം തുടങ്ങിയത്.
നിർമാല്യം, അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം എന്നിവയുണ്ടായി. രാവിലെ നടന്ന നടപ്പറയിൽ ഒട്ടേറെ ഭക്തർ പങ്കെടുത്തു. മേളത്തോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു. ദേശപ്പൂരങ്ങൾ എത്തിയതോടെ വൈകിട്ട് വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. കൊമ്പൻ പാറന്നൂർ നന്ദൻ തിടമ്പേറ്റി. കൊമ്പൻമാരായ പുതുപ്പുള്ളി കേശവൻ വലത്തുവശത്തും ചിറയ്ക്കൽ കാളിദാസൻ ഇടതുവശത്തും നിന്നു. മംഗലാംകുന്ന് അയ്യപ്പൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, പാലാ കുട്ടിശങ്കരൻ, പാമ്പാടി സുന്ദരൻ തുടങ്ങി 15 ആനകൾ കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുത്തു.
മറ്റു കമ്മിറ്റികളിൽ നിന്നെത്തിയ ആനകൾ കൂട്ടിയെഴുന്നള്ളിപ്പിൽ അണിനിരന്നില്ല. വൈകിട്ട് അവകാശ വേലകൾ ക്ഷേത്രത്തിലെത്തി മടങ്ങി. ക്ഷേത്രത്തിൽ രാത്രി ദീപാരാധന, കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ്, പയ്യഴിപറ എന്നിവയുണ്ടായി. രാത്രി കണ്ടിരുത്തി ക്ഷേത്രത്തിൽ നിന്ന് മധു കൊണ്ടുവരലിന് ശേഷം പുലർച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പോടെയാണ് പൂരത്തിന് സമാപനമാകും. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.ടി. സുബ്രഹ്മണ്യൻ, സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി.