ww

തൃശൂർ : വായ്പ നൽകാമെന്ന് പറഞ്ഞ് 38 കാരിയായ യുവതിയെ വിളിച്ചുവരുത്തി, ലോഡ്ജിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതുക്കാട് സ്വദേശി എ. ലെനിനാണ് അറസ്റ്റിലായത്.

വായ്പാ തട്ടിപ്പ് ഉൾപ്പെടെ 19ൽ അധികം കേസിലെ പ്രതിയാണ് ലെനിൻ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.
യുവതിയെ കണ്ണൂരിൽ നിന്ന് വിളിച്ചുവരുത്തി, തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് നൽകിയ ശേഷം വൈകിട്ട് വന്ന് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന് ശേഷം പല രേഖകളിലും ഒപ്പിടുവിച്ചു. നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും പറയുന്നു.

നിരവധി തവണ യുവതിയെ വിളിച്ച് ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യുവതി ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. ലോഡ്ജിലെ രജിസ്റ്ററിൽ നിന്ന് ഇയാളുടെ പേരും മേൽവിലാസവും ലഭിച്ചിരുന്നു. ഇയാൾ സമാന രീതിയിൽ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.