പാവറട്ടി: വലിയപുള്ളി പരുന്തിൻകൂട്ടം മതുക്കര കോൾപടവിൽ വിരുന്നെത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ റിജോ ചിറ്റാട്ടുകരയാണ് കാമറയിൽ പരുന്തുകളുടെ ചിത്രം പകർത്തിയത്. ആറെണ്ണം വരുന്ന കൂട്ടമായാണ് എത്തിയത്. ഇവയ്ക്ക് രണ്ടടിയോളം ഉയരമുണ്ട്. കാലുങ്ങളിൽ തൂവലുകൾ ഉള്ളതിനാൽ ബൂട്ടഡ് ഈഗിൾസ് എന്നും ഇവയെ വിളിക്കാറുണ്ട്.
ഗ്രേറ്റർ സ്പോട്ടെഡ് ഈഗിൾ എന്ന പേരുമുണ്ട്. ചെറിയ ജീവികളെ പിന്തുടർന്ന് പിടികൂടാനുള്ള ശാരീരിക ശക്തി ഇവയ്ക്കുണ്ട്. കോൾ പാടങ്ങളിലെ ചതുപ്പിൽ വരുന്ന മുയൽ, എലികൾ, പാമ്പുകൾ എന്നിവയാണ് പ്രധാന ഭക്ഷണം.
പറക്കുന്ന പക്ഷികളെയും റാഞ്ചി പിടികൂടും. വരണ്ട പ്രദേശങ്ങളിലെ വലിയ ചതുപ്പുനിലങ്ങൾ, പുഴകൾ, കനാലുകൾ, വലിയ കുളങ്ങൾ തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലും കണ്ടുവരുന്നത്. ദേശാടനസ്വഭാവം പ്രകടിപ്പിക്കുന്ന ഇനങ്ങളാണിവ.
കാലവസ്ഥ മാറ്റത്തിന്റെ സൂചകങ്ങളാകാം ബൂട്ടഡ് ഈഗിൾസിന്റെ സാന്നിദ്ധ്യത്തിന് കാരണം.
- റിജോ ചിറ്റാട്ടുകര, പക്ഷി നീരീക്ഷകൻ