പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി വാതിൽ, കട്ടിള എന്നിവ പിച്ചളയിൽ പൊതിഞ്ഞ് ആകർഷകമാക്കി. ക്ഷേത്രത്തിൽ നവകം, പഞ്ചഗവ്യം, വിശേഷാൽ പൂജകൾക്കുശേഷം ക്ഷേത്രം തന്ത്രി താപ്പുള്ളി ദാമോദരൻ നമ്പൂതിരി പിച്ചള വാതിൽ സമർപ്പണം നടത്തി.

ക്ഷേത്രച്ചടങ്ങുകൾക്ക് മേൽശാന്തി സന്ദീപ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഭക്തനായ പള്ളിയിൽ ഹരിറാം വഴിപാടായാണ് കട്ടിളയും വാതിലും പിച്ചളയിൽ പൊതിഞ്ഞ് നൽകിയത്. ശിൽപ്പി മധു പൈങ്കളമാണ് പിച്ചള പൊതിയുന്ന നിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്.

ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച ചുമർചിത്രങ്ങളുടെ മിഴി തുറക്കൽ കർമ്മം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് തിങ്കളാഴ്ച രാവിലെ 9.30ന് നിർവഹിക്കുമെന്ന് ട്രസ്റ്റി ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ, ക്ഷേത്രം മാനേജർ എം.വി. രത്‌നാകരൻ എന്നിവർ അറിയിച്ചു.