
പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള ശമ്പള കമ്മിഷൻ ശുപാർശ സർക്കാർ തള്ളിക്കളയണമെന്നും പെൻഷൻ പ്രായം വർദ്ധിപ്പിക്കരുതെന്നും യുവജനസംഘടനകൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് കോൺഗ്രസിൽ വിരമിക്കൽ പ്രായത്തെ ചൊല്ലിയുളള അഭിപ്രായങ്ങൾ തലപൊക്കുന്നത്.
പെൻഷൻ പ്രായം കൂട്ടുന്നത് കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളോടുള്ള നീതിനിഷേധമായിരിക്കുമെന്നും പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമാനമുണ്ടായാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുവരുമെന്നും എ.ഐ.വൈ.എഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനിടയ്ക്കാണ്
എഴുപതാം വയസിൽ അധികാര രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ടി.എൻ. പ്രതാപൻ പ്രഖ്യാപനം നടത്തിയത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയും വൈറലുമായി ഈ പ്രഖ്യാപനം. എതിർഅഭിപ്രായങ്ങളും ട്രാേളുകളുമുണ്ടായി.
രാജ്യത്തെ എല്ലാ പാർട്ടികളും അതൊരു മാതൃകയാക്കണമെന്ന ലക്ഷ്യത്തോടെയാണ് താൻ അങ്ങനെ പറഞ്ഞതെന്നായിരുന്നു പ്രതാപന്റെ അഭിപ്രായം.
മരിക്കുന്നതുവരെ, പാർട്ടിയുടെ അമരത്തുള്ള കസേരകളിലും അധികാരത്തിന്റെ ഉച്ചിയിലുള്ള മാളികകളിലും കഴിയാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന്, പിന്മുറക്കാർക്ക് അവസരം ഉറപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് മടങ്ങാൻ തയ്യാറാവുന്ന ഒരു സംസ്‌കാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പാർട്ടിയുടെ ഉപദേശക സമിതിയിലോ നാട്ടിലെ അടിസ്ഥാന ഘടകങ്ങളിലോ തുടർന്നും പ്രവർത്തിക്കാം. ഇതൊക്കെ മറ്റൊരു അധികാര കേന്ദ്രമാകാതിരിക്കണം. പുതിയ തലമുറ മുതിർന്നവരുടെ പരിചയ സമ്പത്തിനെ നല്ലരീതിയിൽ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം. മാറുന്ന കാലത്തിനനുസരിച്ച് മനസ് തിരിച്ച് നവസമൂഹത്തോട് നല്ല ആശയങ്ങൾ പങ്കുവയ്ക്കുകയും അവസാനം അവരുടെ തീരുമാനത്തിന് പിന്തുണ കൊടുക്കുകയും ചെയ്യുന്നതാണ് 70 വയസ് കഴിഞ്ഞവർക്ക് അഭികാമ്യമെന്നും പ്രതാപൻ ചൂണ്ടിക്കാട്ടിയിരുന്നു.
പുരോഗമന രാജ്യങ്ങളിലും ഒരു പ്രായം കഴിഞ്ഞാൽ രാഷ്ട്രീയക്കാർ സ്വയമേ വിരമിക്കുന്നുണ്ട്. കുറെക്കാലം രാഷ്ട്രീയത്തിൽ തങ്ങി, ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും താക്കോൽസ്ഥാനങ്ങളിൽ തിരുകി രാഷ്ട്രീയം കൂട്ടുകച്ചവടമാക്കുന്ന, നിക്ഷിപ്ത താത്‌പര്യങ്ങൾ വാഴുന്ന രാഷ്ട്രീയം മാറി രാഷ്ട്രസേവനം എന്ന മൂല്യത്തിലേക്ക് കണിശമായി കാഴ്ചപ്പാട് മാറേണ്ടതുണ്ട്. സർക്കാർ ജീവനക്കാരൻ 55-60 വയസിൽ വിരമിക്കുന്നുണ്ടെങ്കിൽ, രാഷ്ട്രീയക്കാരൻ 70ലെങ്കിലും വിരമിക്കണം. പിന്നെ മത്സര രംഗത്തുണ്ടാകരുത്. പാർട്ടിയുടെ ഉയർന്ന സ്ഥാനങ്ങളിലും നിൽക്കരുതെന്ന് പ്രതാപൻ തന്റെ നീണ്ട കുറിപ്പിൽ തുടരുന്നുണ്ട്. ബുദ്ധിയും ആരോഗ്യവുമെല്ലാം 65 വയസ് കഴിയുന്നതോടെ കുറയും. എന്നാൽ നിയമസഭയിലും പാർലമെന്റിലുമെല്ലാം നിർബന്ധമായും ഉണ്ടാകേണ്ട ചില നേതാക്കളുണ്ട്. അവർക്ക് പ്രായത്തിന്റെ കാര്യത്തിൽ ഇളവ് ആകാം. മൂന്ന് തവണ എം.എൽ.എ ആയവർ മാറണമെന്ന് ആവശ്യം പാർട്ടിയിൽ ഉന്നയിച്ചത് താനാണ്. രാഹുൽഗാന്ധി പറഞ്ഞിട്ടും ക്ഷമാപണം നടത്തിയാണ് നിയമസഭയിലേക്ക് മത്സരിക്കാതെ മാറി നിന്നതെന്നും അദ്ദേഹം പറയുന്നു.
ചോദ്യം ചെയ്ത്
കെ.പി.സി.സി മുൻ ട്രഷറർ
മൂന്നുതവണ നിയമസഭാംഗമാകുകയും എം.പിയാകുകയും ചെയ്ത 62 വയസുകാരനായ പ്രതാപൻ എന്തുകൊണ്ട് പാർലമെന്റ് കാലാവധി പൂർത്തിയാകുന്നതോടെ അധികാരസ്ഥാനങ്ങളിൽ നിന്നും വിരമിക്കുമെന്ന് പറഞ്ഞില്ലെന്ന ചോദ്യവുമായി കെ.പി.സി.സി മുൻ ട്രഷറർ കെ.കെ.കൊച്ചുമുഹമ്മദും രംഗത്തെത്തിയതോടെ ചർച്ച ചൂടുപിടിച്ചു. സ്വാർത്ഥതാത്പര്യങ്ങളെ പുരോഗമനത്തിന്റെ കുപ്പായം കൊണ്ട് മൂടുന്ന വർഗം സമൂഹത്തിലുണ്ടെന്നുള്ള അദ്ദേഹത്തിന്റെ കുറിപ്പ് വാട്‌സ് ആപ്പിൽ പ്രചരിച്ചിരുന്നു. എന്നാൽ എല്ലാ നേതാക്കൾക്കും അഭിപ്രായം പറയാമെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നുമായിരുന്നു ഇതിന് പ്രതാപന്റെ മറുപടി.
വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനും യുവാക്കളുടെ പിന്തുണക്കാരുടെ പട്ടികയിൽ ഇടംപിടിക്കാനുമാണ് ഈ തന്ത്രമെന്നും ഇത് പലരും പയറ്റുന്നതിൽ പെട്ടതാണെന്നും കൊച്ചുമുഹമ്മദ് ആരോപിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന സർവേപ്പള്ളി രാധാകൃഷ്ണനും 70ന് ശേഷം അധികാരം നിലനിറുത്തിയവരല്ലേ. ഇവർ 150 വർഷം പഴക്കമുള്ള ആശയങ്ങളാണോ നടപ്പിലാക്കിയത്? 70 പിന്നിട്ട ഗാന്ധിജിയും നെൽസൻ മണ്ടേലയും യാസർ അരാഫതും പോരാട്ടഭൂമിയിലെ പടനായകന്മാരായിരുന്നില്ലേ? എന്നിങ്ങനെ കുറേ ചോദ്യങ്ങളും അദ്ദേഹം തിരിച്ചു ചോദിക്കുന്നു.
ഇവരെല്ലാം കറകളഞ്ഞ പുരോഗമന ആശയക്കാരാണെന്ന് സമൂഹം തിരിച്ചറിഞ്ഞതാണെന്നും അവസരവാദത്തിലൂടെ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തുന്നവർക്ക് മാത്രമേ പ്രായപരിധി പറഞ്ഞ് കഴിവുകേട് കണ്ടെത്തി ആക്ഷേപിക്കാൻ കഴിയൂ എന്നും പറഞ്ഞാണ് കൊച്ചുമുഹമ്മദ് കുറിപ്പ് അവസാനിപ്പിച്ചത്.
ഡി.സി.സി. ഭാരവാഹികൾ വരുമ്പോൾ
ഡി.സി.സി. ഭാരവാഹികളെ ഉടനെ പ്രഖ്യാപിക്കുമെന്ന സൂചന പുറത്തുവരുമ്പോഴാണ് ഈ തർക്കമെന്നു കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്നതിനു മുമ്പായി ബ്ലോക്ക് പ്രസിഡന്റുമാരെക്കൂടി നിയമിക്കാനാണ് ഒരുക്കം. എ.ഐ. ഗ്രൂപ്പുകളുടെ സംസ്ഥാന നേതൃത്വം പട്ടിക നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ, ജനറൽ സെക്രട്ടറിമാർ ജില്ലകളിൽചെന്ന് കരടു പട്ടികയ്ക്ക് രൂപം നൽകിയപ്പോൾ ഗ്രൂപ്പുകളിൽനിന്ന് പേരുകൾ നൽകിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുളള തർക്കങ്ങളും കോൺഗ്രസിൽ ഉയരുന്നുണ്ട്. എന്തായാലും പാർട്ടിയിലും യുവാക്കൾക്ക് അവസരം വേണമെന്ന മുറവിളി ഈ സാഹചര്യത്തിൽ കൂടുതൽ മുറുകും. എല്ലാ ഭിന്നതകളും മാറ്റി യുവനേതാക്കൾ ഈ വിഷയത്തിൽ ഒന്നിക്കുകയും ചെയ്യും.