phone

തൃശൂർ: സ്‌ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുവയ്ക്കൽ) ആപ്ലിക്കേഷനും പണം നൽകാൻ എന്ന വ്യാജേന അയയ്ക്കുന്ന പേയ്‌മെന്റ് ലിങ്കുകളും അക്കൗണ്ട് ഉടമയുടെ വിവരം ചോർത്താനുള്ള പുതുവഴിയാകുന്നു. ഓൺലൈൻ തട്ടിപ്പ് നിമിഷങ്ങൾക്കുള്ളിൽ പലഭാവത്തിലും രൂപത്തിലും അരങ്ങേറുമ്പോൾ, പൊലീസും നിസഹായരാണ്.
പണം നൽകാനെന്ന വ്യാജേന അയയ്ക്കുന്ന പേയ്‌മെന്റ് ലിങ്കുകളിൽ പിൻ നമ്പർ നൽകാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളാണേറെയും. അക്കൗണ്ടിലെ തുക ഒടുക്കാനാണ് യു.പി.ഐ പിൻ കൊടുക്കേണ്ടിവരുക. പണം സ്വീകരിക്കാൻ ഇത് നൽകേണ്ട ആവശ്യമില്ല. എന്നാൽ ഈ അറിവില്ലായ്മ മുതലെടുത്താണ് തട്ടിപ്പ്. യു.പി.ഐ ഐ.ഡി പരിശോധിച്ച് പണം സ്വീകരിക്കുന്ന ആളിന്റെ പേരുവിവരം ഉറപ്പുവരുത്തി, അതിന് ശേഷമേ അക്കൗണ്ടിൽ നിന്നും പണം അയക്കാവൂ. ആപ്പിന്റെ യു.പി.ഐ പിൻ പേജിൽ മാത്രമേ അത് ടൈപ് ചെയ്യാവൂ എന്ന കാര്യവും ഓർക്കണം. മറ്റൊരിടത്തും പിൻ ഷെയർ ചെയ്യരുത്. പണം ഒടുക്കാനേ ക്യു ആർ കോഡ് സ്‌കാൻ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് സ്‌കാൻ ചെയ്യേണ്ട ആവശ്യമില്ല. ഈ അജ്ഞതയും ചൂഷണം ചെയ്യുന്നുണ്ട്.

സ്‌ക്രീൻ ഷെയർ ആപ്പ് വഴിയും...

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെയും തട്ടിപ്പ് കൂടുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കും മെസേജായി അയക്കും. ബാങ്കുകളുടേതിന് സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്‌ക്രീൻ ഷെയറിംഗ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരം ശേഖരിച്ചാണ് തട്ടിപ്പ്. സ്‌ക്രീൻ ഷെയറിംഗ് സാദ്ധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരം തട്ടിപ്പുകാരുടെ കൈകളിലെത്തും.

ശ്രദ്ധിക്കാൻ

ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരം ഫോണിലൂടെ ആവശ്യപ്പെടില്ല.
ധനകാര്യസ്ഥാപനങ്ങളിൽ നിന്നാണെന്ന് പറഞ്ഞുള്ള ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇമെയിലുകൾ അവഗണിക്കുക
ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ പങ്കുവയ്ക്കരുത്.
അജ്ഞാതരുടെ ആവശ്യപ്രകാരം സ്‌ക്രീൻ ഷെയറിംഗ് ആപ്പുകളോ എസ്.എം.എസ് ഫോർവേഡിംഗ് ആപുകളോ ഡൗൺലോഡ് ചെയ്യരുത്.