
തൃശൂർ : ഡോ.ടി.ഐ.രാധാകൃഷ്ണൻ സ്മാരക പുരസ്‌കാരം വാദ്യകലാകാരി ഡോ.നന്ദിനിവർമ്മയ്ക്ക് നൽകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 11,111 രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. കലാമണ്ഡലത്തിൽ ചെണ്ട വിഭാഗം അദ്ധ്യാപകനായ അന്നമനട ഹരീഷ് മാരാരുടെ ഭാര്യയാണ്. കോട്ടയം ജില്ലയിലെ പുന്നാർ കാഞ്ഞിരമറ്റം പാലസിൽ ജയശ്രീ വർമ്മയുടെയും തൃപ്പൂണിത്തുറ കോയിക്കൽ മഠത്തിൽ മോഹന ചന്ദ്രവർമ്മയുടെയും മകളാണ്. ഗുരുവായൂർ ക്ഷേത്രം മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സാഹിത്യ അക്കാഡമി ആഡിറ്റോറിയത്തിൽ 25 ന് 3ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടൻ മാരാർ പുരസ്‌കാരം നൽകും. സാമൂഹിക സേവന രംഗത്ത് പ്രവർത്തിച്ചുവരുന്ന ആത്മ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ സി.കെ.സുരേഷിനെ ആദരിക്കും. എം.പി. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. പത്രസമ്മേളത്തിൽ ടി.വി.ചന്ദ്രമോഹൻ, ഒ.പി.ബാലൻ മേനോൻ, ശ്രീധരൻ തേറമ്പിൽ എന്നിവർ പങ്കെടുത്തു.